10 വർഷമായി കൊതുക് നശീകരണ വിഭാഗത്തിൽ നിയമനമില്ല
തിരുവനന്തപുരം: എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമനം നടത്തണമെന്ന ചട്ടം നിലനിൽക്കെ പാർട്ടി നിയമനത്തിന് വേണ്ടി കൊതുക് നശീകരണ വിഭാഗത്തിൽ ആളെ എടുക്കാതെ നഗരസഭ. മറ്റ് തസ്‌തികളിലേക്ക് താത്കാലികരെ നിയമിച്ച് അതിൽ നിന്നുള്ളവരെയാണ് നിലവിൽ കൊതുക് നശീകരണ ജോലികൾ ചെയ്യിപ്പിക്കുന്നത്.
മറ്റ് തസ്‌തികളിലെടുത്തവരും പാർട്ടി നിയമനം വഴിവന്നരാണ്. നിലവിൽ കൊതുക് നശീകരണത്തിന്റെ ട്രെയിനിംഗോ മറ്റോ ലഭിക്കാത്ത ശുചീകരണ തൊഴിലാളികളാണ് ഫോഗിംഗ്, സ്‌പ്രേയിംഗ്, അണുനശീകരണം തുടങ്ങിയ ജോലികൾ നിലവിൽ ചെയ്യുന്നത്.
2012 മുതൽ
പിൻവാതിൽ നിയമനം
2012ൽ കൊതുക് നശീകരണ വിഭാഗത്തിൽ 25 പേരെ എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമിക്കാനുള്ള ഉത്തരവ് വന്നിരുന്നു. ഇവർ കേരള സർവകലാശാലയിൽ നിന്ന് കൊതുനശീകരണത്തിന്റെ ട്രെയിംനിംഗ് പൂർത്തിയാക്കി സർട്ടിഫിക്കറ്റും നേടി. 15 പേരെ താത്കാലികമായി നിയമിക്കാൻ നഗരസഭ തീരുമാനിച്ചപ്പോഴാണ് എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി ഈ നിയമനമെത്തിയത്. അതിനാൽ ഫയൽ നഗരസഭ തടഞ്ഞുവയ്‌ക്കുകയായിരുന്നു.
നിയമനം നൽക്കാത്തതിനെ തുടർന്ന് ഈ 25 പേർ ഹൈക്കോടതിയിൽ കേസിന് പോയി. തുടർന്ന് ഇവരെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയെങ്കിലും നഗരസഭ നിയമിച്ചില്ല. തുടർന്ന് വീണ്ടും ഹർജി നൽകിയപ്പോഴാണ് ഇവരെ നിയമിച്ചത്. എന്നാൽ നിയമിച്ച് കുറച്ച് നാളുകൾക്കുള്ളിൽ ഇവരെ മറ്റ് തസ്‌തികളിലേക്ക് മാറ്റുകയും ചെയ്‌തു.
ആളെ എടുക്കാത്തത്
പിൻവാതിൽ നിയമനത്തിന്
പിൻവാതിൽ നിയമനത്തിന് കുട പിടിക്കാനാണ് 10 വർഷമായിട്ടും ഈ വിഭാഗത്തിൽ നിയമനം നഗരസഭ നേരിട്ട് നടത്താത്തതെന്നാണ് ആക്ഷേപം. നിലവിൽ 85 അംഗീകാരമുള്ള തസ്‌തികളാണ് കൊതുക് നശീകരണത്തിനുള്ളത്. സ്ഥിര തസ്‌തികകൾ എല്ലാം ഒഴിഞ്ഞുകിടപ്പുണ്ട്.
എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂയെന്ന് 2014ൽ ഹൈക്കോടതി നഗരസഭയോട് ഉത്തവിൽ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ഇതുവരെ ഈ വിഭാഗത്തിലെ ഒഴിവുകളും നഗരസഭ റിപ്പോർട്ട് ചെയ്‌ത് നിയമനം നടത്തിയിട്ടില്ല. ഇതിനായി നിയമിച്ചവരെ നിലവിൽ തുമ്പൂർമുഴി പോലെയുള്ള മറ്ര് വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്.
സ്ത്രീകളും ജോലി ചെയ്യുന്നു
ശാരീരിക അസ്വസ്ഥതകളുണ്ടാകാനുള്ള സാഹചര്യമുള്ളതുകൊണ്ട് അണുനശീകരണം, ഫോംഗിംഗ് തുടങ്ങിയ ജോലികൾ സ്ത്രീകൾ ചെയ്യരുതെന്നാണ് നിർദ്ദേശം. എന്നാൽ ജീവനക്കാരുടെ അഭാവം മൂലം സ്ത്രീകളും ഈ ജോലി ചെയ്യുകയാണ്.