തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമ്മാണം അതിവേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി പ്രസിഡന്റ് ഏലിയാസ് ജോൺ നടത്തുന്ന അനിശ്‌ചിതകാല നിരാഹാര സമരം ഇന്ന് വൈകിട്ട് 5ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ആരംഭിക്കും.സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടർന്ന് വേദി രക്തസാക്ഷി മണ്ഡപത്തിലേക്ക് മാറ്റുകയായിരുന്നു.സമരത്തിന് പിന്തുണ തേടി സംഘാടകർ രാഷ്‌ട്രീയപ്പാർട്ടികളെ സമീപിച്ചിട്ടുണ്ട്. ഇരുമുന്നണികളുടെയും ബി.ജെ.പിയുടെയും ജില്ലാഘടകം സമരത്തിന് പിന്തുണയറിയിച്ച് നിരാഹാരപ്പന്തലിലെത്തുമെന്നാണ് വിവരം.