തിരുവനന്തപുരം: ഗവർണർക്കെതിരെ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർ സർവീസ് ചട്ടം ലംഘിച്ചെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർ വിരമിക്കുന്നതുവരെയും രാഷ്ട്രീയ സമരപരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. സെക്രട്ടേറിയറ്റിൽ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ഗവർണർക്കുവേണ്ടി ഒപ്പിടാൻ ചുമതലപ്പെട്ടവർ വരെ പ്രതിഷേധ സമരത്തിലുണ്ടായിരുന്നു. സെക്രട്ടേറിയറ്റിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിലെ സ്‌പെഷ്യൽ സെക്രട്ടറി ഷെർലി, അഡിഷണൽ സെക്രട്ടറി പി. ഹണി, അറ്റൻഡന്റ് ഓഫീസർ കല്ലുവിള അജിത്, സെക്ഷൻ ഓഫീസർ ജി. ശിവകുമാർ, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സെക്ഷൻ ഓഫീസർമാരായ കെ.എൻ.അശോക് കുമാർ, ഇ. നാസർ എന്നിവരെയാണ് പ്രത്യക്ഷത്തിൽ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഡ്യൂട്ടിയിൽ കയറിയതായി കാണിച്ച് അറ്റന്റൻസ് പഞ്ചിംഗ് മെഷീനിൽ പഞ്ച് ചെയ്‌തും രജിസ്റ്ററിൽ ഒപ്പിട്ടുമാണ് പലരും സമരത്തിനെത്തിയത്. സർവീസ് ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വി.വി.രാജേഷ് പറഞ്ഞു.

സ്‌പെഷ്യൽ കൗൺസിലിൽ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'എല്ലാ സമരത്തിനും താൻ തന്നെ മുന്നിൽ നിൽക്കേണ്ട കാര്യമില്ല. ഇന്നലത്തെ സ്‌പെഷ്യൽ കൗൺസിലിൽ പങ്കെടുത്തില്ലെങ്കിലും അവിടത്തെ കാര്യങ്ങൾ ചിട്ടയായി നടത്താനുള്ള ചർച്ചയ്‌ക്ക് താൻ നേതൃത്വം നൽകിയിട്ടുണ്ട് എന്നായിരുന്നു വി.വി. രാജേഷിന്റെ മറുപടി.