
വെള്ളറട: കിഫ്ബി ഫണ്ടിൽ നിന്നും 19 കോടി രൂപ ചെലവിൽ അമ്പൂരി കുമ്പിച്ചൽ കടവിൽ കരിപ്പയാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ പൈലിങ് പ്രവർത്തനം പുരോഗമിക്കുന്നു. കരിപ്പയാറിന്റെ മറുകരയിലെ പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് കുമ്പിച്ചൽ കടവ് പാലം.36.25 മീറ്റർ വീതം അകലത്തിൽ 7 സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. എട്ട് ലൊക്കേഷനുകളിലായി ആറ് പൈലുകൾ വീതം ആകെ 48 പൈലുകളാണ് ചെയ്യേണ്ടത്. 15 മീറ്ററിലധികം വെള്ളം ഉള്ളതിനാൽ ഫ്ലോട്ടിങ് ബാർജിന്റെ സഹായത്തോടുകൂടിയാണ് ജലാശയത്തിനുള്ളിലെ പൈലിങ് നടത്തുന്നത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിനിരുവശവും ഫുഡ്പാത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്രോച്ച് റോഡിന് പുറമേ കടവിലേക്ക് ഇറങ്ങുന്നതിനായി ഇരുവശങ്ങളിലും 4 മീറ്റർ വീതിയിൽ സർവീസ് റോഡും നിർമ്മിക്കും. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ ആദിവാസി ഊരുകളിൽ കഴിയുന്നവർക്കും വിദ്യാർത്ഥികൾക്കും റോഡ് ഗതാഗതത്തിന് സൗകര്യമാകും.