വെമ്പായം: സ്വന്തമായി വാങ്ങിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞെത്തി കലോത്സവവേദികളിൽ നൃത്തമാടാനാണ് മത്സരാർത്ഥികൾക്ക് താത്പര്യമെങ്കിലും സാമ്പത്തികച്ചെലവിൽ തട്ടി ആ മോഹങ്ങൾ വീണുടയുന്നു. സ്വയം വസ്ത്രം വാങ്ങി തയ്പിച്ച് ധരിക്കുമ്പോൾ പതിനായിരം മുതൽ പന്ത്രണ്ടായിരം രൂപ വരെ ചെലവാകും. ആഭരണ സെറ്റിന്റെ വിലയും താങ്ങാൻ പറ്റുന്നതിന് അപ്പുറമാണ്. ഈ ചെലവ് താങ്ങാൻ പറ്റാത്തതിനാൽ വസ്ത്രവും ആഭരണങ്ങളും വാടകയ്ക്കെടുത്താണ് ഭൂരിഭാഗം മത്സരാർത്ഥികളും വേദിയിലെത്തുക. ആയിരം രൂപ മുതൽ വാടകയ്ക്ക് ഇവ ലഭിക്കുമെന്നതിനാലാണിത്. പ്രകടനത്തിനൊപ്പം വസ്ത്രവും ആഭരണങ്ങളും മേക്കപ്പും വരെ ഗ്രേഡിന് അളവുകോലാകും.
കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം ഉപയോഗിക്കാതിരുന്ന് നശിച്ചതിനാൽ പല സാധനങ്ങളും ഇത്തവണ പുതുതായി വാങ്ങിയാണ് കലാ അദ്ധ്യാപകരും മേക്കപ്പ് ആർടിസ്റ്റുകളും വാടകയ്ക്ക് നൽകുന്നത്. കടം വാങ്ങിയും പണയം വച്ചും പണം കണ്ടെത്തി വേദിയിലെത്തുന്ന നിരവധി കുട്ടികളുണ്ട്.
ഈ മാസം 22 മുതൽ 26 വരെയാണ് കേരള സിലബസ് വിദ്യാർത്ഥികളുടെ ജില്ലാ കലോത്സവം അരങ്ങേറുക.
കലയുണ്ട്, പണമില്ല :- കലയോട് ഏറെ അഭിരുചിയും കഴിവും ഉണ്ടായിട്ടും സാമ്പത്തിക പരാധീനതകൾ മൂലം അരങ്ങിലെത്താതെ മാറി നിൽക്കുന്ന ധാരാളം കുട്ടികളുണ്ടെന്ന് കലാ അദ്ധ്യാപകർ പറയുന്നു. ഫീസും അനുബന്ധ നിരക്കുകളും പരമാവധി കുറച്ച് നൽകി, കുട്ടികളെ വേദിയിലെത്താൻ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജില്ലാ കലോത്സവ കടമ്പ കടന്ന് സംസ്ഥാന തലത്തിലെത്തുന്നവരെ കാത്തിരിക്കുന്നത് ചെലവിന്റെ വലിയ പട്ടികയാണ്.
എല്ലാവരുടെയും സാമ്പത്തിക പ്രതിസന്ധി അറിയുന്നതിനാൽ ഫീസ് ഉൾപ്പെടെ നിരക്ക് കുറച്ചാണ് വാങ്ങുന്നത്. പല രക്ഷിതാക്കളും കുട്ടികളെ അരങ്ങിലെത്തിക്കാൻ സാധിക്കാതെ വിഷമിക്കുന്നുണ്ട്.
(അനിൽ അദ്ധ്യാപകൻ ) .
ഒരു അദ്ധ്യാപകന് കീഴിൽ നിരവധി കുട്ടികൾ മത്സരത്തിനുണ്ടാകുമ്പോൾ ആഭരണങ്ങൾക്ക് പിടിവലിയുണ്ടാകാതിരിക്കാനാണ് സ്വന്തമായി വാങ്ങാമെന്ന് കരുതുന്നത്. എന്നാൽ നിലവിലെ അവസ്ഥയിൽ അത്തരത്തിൽ വാങ്ങി അണിയാൻ നിർവാഹമില്ല. വിവിധ മത്സരങ്ങൾക്ക് വ്യത്യസ്ത ആഭരണങ്ങളാണ് ആവശ്യം : (രക്ഷിതാവ്)