തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷ സംഘടനകളുടെ സമരം വീണ്ടും ശക്തമാക്കും. ഇന്ന് മുതൽ നഗരസഭയ്‌ക്ക് അകത്തും പുറത്തും സമരം ശക്തമാക്കാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും തീരുമാനം. അതിനിടെ അടിസ്ഥാനമില്ലാത്ത പ്രതിപക്ഷ സമരത്തിനെതിരെ പ്രചാരണ പരിപാടി നടത്താനാണ് സി.പി.എമ്മിന്റെ തീരുമാനം.

നിയമന പട്ടിക ഇനിയും പുറത്തുവരുമെന്നും മേയർ രാജിവയ്‌ക്കും വരെ സമരം തുടരാനാണ് ബി.ജെ.പി തീരുമാനം. നഗരസഭ വളയൽ പോലെയുള്ള ശക്തമായ പ്രതിഷേധ പരിപാടികൾ ബി.ജെ.പി ജില്ലാ കോർ കമ്മിറ്റി കൂടി ആലോചിക്കും. ഇന്ന് കർഷക മോർച്ചയുടെ മാർച്ചും കൗൺസിലർമാരുടെ ധർണയും നടക്കും. മേയറുടെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനകത്ത് കൗൺസിലർമാരുടെ സമരവും പുറത്തുള്ള യു.ഡി.എഫ് സത്യഗ്രഹവും തുടരുന്നതിനൊപ്പം സമരം സംസ്ഥാന വ്യാപകമാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

ഇതോടെ വരും ദിവസങ്ങളിലും കോർപ്പറേഷന് മുന്നിൽ പ്രതിപക്ഷ സംഘടനകളുടെ സമരവേലിയേറ്റം അരങ്ങേറും. തുടർച്ചയായ പ്രതിപക്ഷ സമരം നഗരസഭയിലെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും വിവിധ ആവശ്യങ്ങളുമായി കോർപ്പറേഷനിലെത്തുന്നവർക്ക് പ്രയാസം നേരിടുകയാണെന്നും ചുണ്ടിക്കാട്ടിയാണ് സി.പി.എം പ്രചാരണ പരിപാടി സംഘടിപ്പിക്കുക.