vivadevela

സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഉൾപ്പിരിവുകൾ കൗതുകമുണർത്തുകയാണ്. ശശിതരൂരാണ് ഗോദയിലെ താരം. തിരുവനന്തപുരത്ത് നിന്ന് മൂന്നാംതവണയും എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ശശിതരൂരിനെ പിടിച്ചുപോയ കോൺഗ്രസ് പുലിവാല് പിടിച്ച അവസ്ഥയിലാണ്. പിടിച്ചും പോയി, പിടിവിടുവിക്കാൻ പറ്റുന്നുമില്ല. ഐക്യരാഷ്ട്രസഭയിലെ സെക്രട്ടറിജനറൽ സ്ഥാനത്ത് മത്സരിച്ച് പരാജയപ്പെട്ട് 2009ൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനിറങ്ങിത്തിരിച്ചയാളാണ് ശശി തരൂർ. ജന്മനാടായ കേരളത്തിൽ അതും, തലസ്ഥാനമായ തിരുവനന്തപുരത്ത് തന്നെ കോൺഗ്രസ് ടിക്കറ്റിൽ കന്നിയങ്കത്തിന് മത്സരിക്കാൻ തരൂരിന് സാധിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി അദ്ദേഹത്തെ പിന്തുണച്ചു. അങ്ങനെ സംസ്ഥാന കോൺഗ്രസ് താത്‌പര്യങ്ങൾക്ക് മേലേക്ക് ഹൈക്കമാൻഡിൽ നിന്ന് നേരിട്ട് പറന്നിറങ്ങി തരൂർ മത്സരിച്ചു.

ആദ്യ അങ്കം നന്നായി. നഗരസ്വഭാവം നല്ലതുപോലെയുള്ള തലസ്ഥാന മണ്ഡലത്തിൽ തരൂരിന്റെ അർബൻ എലീറ്റ് പ്രതിച്ഛായയെയും സൗന്ദര്യത്തെയും പരിഷ്കാരത്തെയും പിന്തുണയ്ക്കുന്നവരായിരുന്നു ബഹുഭൂരിപക്ഷവും. നല്ല ഭൂരിപക്ഷത്തിൽ ആദ്യ വിജയം. രണ്ടാം തവണ അദ്ദേഹത്തിന് അല്പം വിയർക്കേണ്ടി വന്നു. 2014ലെ തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ ഭാര്യയുടെ മരണവും മറ്റും സൃഷ്ടിച്ച വിവാദത്തിൽ ഉലഞ്ഞു നില്‌ക്കുകയായിരുന്നു തരൂർ. തിരഞ്ഞെടുപ്പ് ഫലത്തെ അത് കാര്യമായി സ്വാധീനിച്ചു. തിരുവനന്തപുരത്ത് ഒ. രാജഗോപാലിനെ നിറുത്തി ബി.ജെ.പി വലിയ കളികളിച്ചു. അവർ രണ്ടാം സ്ഥാനത്തെത്തി. സി.പി.ഐ ആടിയുലഞ്ഞ് മൂന്നാമതായി.

2019 ആയപ്പോഴേക്കും കളി വീണ്ടും മാറി. തരൂർ വീണ്ടും കേമനായി. നഷ്ടപ്പെട്ട ഇമേജ് അദ്ദേഹം തിരിച്ചുപിടിച്ചു. കുമ്മനം രാജശേഖരനെ നിറുത്തി ബി.ജെ.പി നടത്തിയ പരീക്ഷണം വിജയിച്ചില്ല. ബി.ജെ.പിക്ക് പൊതുവേ പ്രതിച്ഛായാശോഷണം സംഭവിച്ചിരുന്നു ആ ഘട്ടത്തിൽ. യു.പി.എ തിരിച്ചുവരുമെന്ന പ്രതീക്ഷ കേരളത്തിലെ മതന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ച് ഓളമുണ്ടാക്കി. അങ്ങനെ എല്ലാംകൊണ്ടും ആ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഗംഭീരവിജയം നേടി. ശശി തരൂർ സ്വന്തംനില നന്നായി മെച്ചപ്പെടുത്തി ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് വിജയിച്ചു.

എന്നാൽ, ആദ്യം തൊട്ടെന്ന പോലെ തലസ്ഥാനജില്ലയിലെയും സംസ്ഥാനത്തെയും കോൺഗ്രസിന് തരൂർ പൂർണമായും ദഹിക്കാത്ത ഉരുളക്കിഴങ്ങ് പോലെയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ജില്ലാ കോൺഗ്രസിൽ നിന്ന് പിന്തുണയില്ലെന്ന് പരസ്യമായി പരാതിപ്പെടുക പോലുമുണ്ടായി. ഗാന്ധാരിഅമ്മൻ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് നെറ്റിപൊട്ടി തുന്നലിടേണ്ടി വന്നു. കഷ്ടകാലമെന്ന് അദ്ദേഹം ചിന്തിച്ചുവോ എന്നറിയില്ല. പക്ഷേ കഷ്ടകാലമായിരുന്നില്ല. നല്ല ഭൂരിപക്ഷം അതിന് തെളിവായി.

ലോകത്തെ ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ, മികവുറ്റ പ്രഭാഷകൻ, അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയിട്ടുള്ള നയതന്ത്രജ്ഞൻ, സർവോപരി വിശ്വപൗരൻ പരിവേഷം എന്നിങ്ങനെ ശശി തരൂരിന് കേരളത്തിൽ, പ്രത്യേകിച്ച് തലസ്ഥാനത്ത് സ്വീകാര്യത നേടിയെടുക്കാൻ കൂടുതൽ വിശേഷണങ്ങൾ വേണ്ട. കോൺഗ്രസിനകത്തേ അദ്ദേഹത്തിന് സ്വീകാര്യതയില്ലാതുള്ളൂ എന്നായിരുന്നു അടുത്തകാലം വരെയുള്ള തോന്നൽ. എന്നാൽ, സമീപകാലത്തായി ശശി തരൂരിന് കേരളത്തിലെ കോൺഗ്രസിനകത്തും വലിയ തോതിൽ സ്വീകാര്യത കിട്ടുന്നത് നാമെല്ലാം കാണുന്നു. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടഞ്ഞുനിന്ന ജി-23 ഗ്രൂപ്പിലെ പ്രമുഖനായിരുന്നു തരൂർ. അതും കഴിഞ്ഞ് എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് എത്തിയപ്പോഴാണ് കേരളത്തിനകത്ത് അപ്രതീക്ഷിത കോണുകളിൽ നിന്നടക്കം ശശി തരൂരിന് വ്യാപക പിന്തുണ നേടിയെടുക്കാനായത്. ആ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് കേരളത്തിൽ ശശി തരൂരിന്റെ ഉറച്ച വക്താവായി നിൽക്കുന്നത് എ ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്ന കോഴിക്കോട് എം.പി എം.കെ. രാഘവനാണ്. തിരുവനന്തപുരത്തെ എ ഗ്രൂപ്പിലെ പ്രമുഖൻ തമ്പാനൂർ രവി തുടങ്ങി പല എ ഗ്രൂപ്പുകാരും തരൂരിനെ പിന്തുണയ്ക്കുന്നു. മറുവിഭാഗത്തിൽ നിന്നുമുണ്ട് കാര്യമായ പിന്തുണ. അതെല്ലാം ചെറുപ്പക്കാരുടേതാണ്. കെ.എസ്. ശബരിനാഥനും ഹൈബി ഈഡനും മറ്റും. എന്നാൽ, യഥാർത്ഥത്തിൽ ശശി തരൂരിനെ അധികപ്പറ്റും ബാദ്ധ്യതയുമായി കാണുന്നവർക്കാണ് സംസ്ഥാന കോൺഗ്രസിൽ ഇപ്പോഴും മേൽക്കൈ. അഖിലേന്ത്യാ കോൺഗ്രസിലും അതാണ് സാഹചര്യമെന്ന സംശയം ബലപ്പെടുത്തുന്നതാണ് പല സാഹചര്യങ്ങളും.

ലോക്‌സഭാകക്ഷി

നേതാവായില്ല

കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം, പാർട്ടിയെയും പാർലമെന്ററി പാർട്ടിയെയും ചലനാത്മകമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ തരൂരിനെ ലോക്‌സഭാകക്ഷി നേതാവാക്കുമായിരുന്നു എന്ന് കരുതുന്നവർ കോൺഗ്രസിലുണ്ട്. പക്ഷേ എന്തുകൊണ്ടോ അതുണ്ടായില്ല.

അധീർ രഞ്ജൻ ചൗധരിയാണ് ലോക്‌സഭയിലെ കോൺഗ്രസ് കക്ഷിനേതാവ്. ശശി തരൂരിന്റെ വാഗ്ധോരണിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ബി.ജെ.പിയെക്കുറിച്ചുമൊക്കെ അദ്ദേഹം ഇടയ്ക്കിടെ പ്രയോഗിക്കുന്ന ചാട്ടുളികളുമെല്ലാം കോൺഗ്രസിന് ഗുണമായേനെ. തരൂരിനെ ആ സ്ഥാനത്ത് നിയോഗിച്ചിരുന്നെങ്കിൽ കോൺഗ്രസിനെ പാർലമെന്റിൽ ചലനാത്മകമാക്കാനും പുറത്തും ബദൽ രാഷ്ട്രീയസഖ്യം കെട്ടിപ്പടുക്കാനും സാധിക്കുമായിരുന്നു എന്ന് ചിലരൊക്കെ പറയുന്നു. എന്നാൽ അഖിലേന്ത്യാ നേതൃത്വത്തിൽ ചിലരുടെ 'ആശങ്ക'കൾ വിനയായിയെന്നാണ് പറയുന്നത്.

അതല്ല, ശശി തരൂരിനെ പൂർണമായി വിശ്വസിച്ച് കാര്യങ്ങൾ ഏല്പിക്കാമോ എന്ന് ചോദിക്കുന്നവരുമുണ്ട് കോൺഗ്രസിൽ. ഇടയ്ക്കിടെ അദ്ദേഹം പല വിഷയങ്ങളിലും കൈക്കൊള്ളുന്ന നിലപാടുകൾ കോൺഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. നയപരമായ കാര്യങ്ങളിലടക്കം. കേരളത്തിലേക്ക് നോക്കാം, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ അനുകൂലിച്ച ഒരേയൊരു കോൺഗ്രസ് നേതാവായി ശശിതരൂർ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലായാലും സംസ്ഥാന സർക്കാരിന്റെ വികസനനയങ്ങളുടെ കാര്യത്തിലായാലും തരൂർ സംസ്ഥാന നേതൃത്വത്തെ ചില നേരങ്ങളിലെങ്കിലും വെള്ളം കുടിപ്പിക്കാതിരുന്നിട്ടില്ല. അതുകൊണ്ട് പാർലമെന്റിലും കക്ഷിനേതാവാക്കുന്നത് അഖിലേന്ത്യാ നേതൃത്വത്തിനും തലവേദനയായാലോ? അതാണ് സംഗതിയെന്നാണ് അദ്ദേഹത്തോട് വിയോജിപ്പുള്ളവർ പറയുന്നത്.

എ.ഐ.സി.സി പ്രസിഡന്റ്

തിരഞ്ഞെടുപ്പും തരൂരും

അങ്ങനെയിരിക്കെയാണ് എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമാഗതമായത്. കോൺഗ്രസിൽ ഹൈക്കമാൻഡ് പറയുന്നതേ നടക്കൂ എന്നും ജനാധിപത്യത്തിന്റെ ശുദ്ധവായു അവിടെയില്ലെന്നുമുള്ള എതിരാളികളുടെ ആരോപണത്തിന്റെ മുനയൊടിക്കാൻ സഹായിച്ചത് തീർച്ചയായും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ശശി തരൂരിന്റെ പോരാട്ടമായിരുന്നു. ആ അർത്ഥത്തിൽ കോൺഗ്രസിന് അതൊരു പ്രതീകാത്മക പ്രചരണവുമായി. ഹൈക്കമാൻഡിനെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയും സോണിയയുടെയും രാഹുലിന്റെയും പൂർണ സമ്മതത്തോടെയുമാണ് ശശി തരൂർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോരിനിറങ്ങിയത്. പ്രചരണം മൂർദ്ധന്യത്തിലായപ്പോൾ ഒരുവേള അത് ഔദ്യോഗികനേതൃത്വത്തോടുള്ള ഏറ്റുമുട്ടലിന്റെ തലത്തിലേക്ക് വരെയെത്തി. മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഹൈക്കമാൻഡിന്റെ എല്ലാ ആശീർവാദവും ശശി തരൂരിന് വിമത പ്രതിച്ഛായയും സമ്മാനിക്കപ്പെട്ടത് തരൂരിനെ അസ്വസ്ഥമാക്കി.

പക്ഷേ, അദ്ദേഹം ഈ പോരാട്ടത്തെയും പ്രതിച്ഛായാ നേട്ടത്തിനുള്ള അവസരമാക്കാനാണ് നോക്കിയത്. മാദ്ധ്യമപിന്തുണ, മദ്ധ്യ-ഇടത്തരം വർഗങ്ങളിലുള്ള സ്വീകാര്യത എന്നിവയെല്ലാം തരൂരിന് കോൺഗ്രസ് ചട്ടക്കൂടിന് പുറത്ത് മല്ലികാർജ്ജുൻ ഖാർഗെയേക്കാൾ പിന്തുണനേടിക്കൊടുത്തു. പുതിയ കാലത്തിന്റെ മാദ്ധ്യമമായ സമൂഹമാദ്ധ്യമങ്ങളാണ് തരൂരിനെ പിന്തുണച്ചവരേറെയും. അത് അദ്ദേഹത്തിന്റെ സ്വീകാര്യത വ്യക്തമാക്കിത്തരുന്നുണ്ട്.

പക്ഷേ, വർത്തമാന ഇന്ത്യൻ സാമൂഹ്യാവസ്ഥ അതിനോട് പൊരുത്തപ്പെട്ട് നീങ്ങുന്നത് തന്നെയാണ് എന്നിടത്ത് ശശി തരൂരിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നുണ്ട്.

അതിവേഗം മദ്ധ്യവർഗമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ശശി തരൂരിന്റെ മൂല്യം കോൺഗ്രസ് രാഷ്ട്രീയം ശരിയായി ഉപയോഗപ്പെടുത്തണമെന്ന വാദഗതികൾക്ക് മേൽക്കൈയുണ്ടായി. പ്രത്യേകിച്ചും കോർപ്പറേറ്റ് പരിലാളനകളാൽ തന്റെ പ്രതിച്ഛായാ നിർമ്മിതി നാൾക്കുനാൾ ഭംഗിയാക്കിക്കൊണ്ടിരിക്കുന്ന നരേന്ദ്രമോദിയെ പോലൊരു നേതാവ് രാജ്യം ഭരിക്കുമ്പോൾ. വളരെ പകിട്ടേറിയ വേഷഭൂഷാദികളോടെ മാത്രമല്ലേ നരേന്ദ്രമോദിയെ നാം കാണുന്നുള്ളൂ. അത് ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുള്ള ഒരുതരം രാജാപ്പാർട്ട് അവതരണമായി മനസിലാക്കുമ്പോഴാണ് ശശി തരൂരിനെ പോലൊരു നേതാവ് മറുപക്ഷത്തും വേണ്ടതിന്റെ ആവശ്യകതയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. എന്നാൽ, എന്തുകൊണ്ടോ കോൺഗ്രസ് അതിനെ ആ നിലയ്ക്കെടുക്കുന്നില്ല. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂർ കോൺഗ്രസിനകത്ത് നിന്നുതന്നെ നല്ല പിന്തുണ നേടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന് ലഭിച്ച വോട്ടുനില വ്യക്തമാക്കുന്നു. സാധാരണനിലയ്ക്ക് ഹൈക്കമാൻഡിന്റ ആശീർവാദത്തോടെ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ എതിരാളികൾ നിലംപരിശാകാറാണ് പതിവ്. തരൂർ അങ്ങനെയായില്ല. പക്ഷേ, ആ തിരഞ്ഞെടുപ്പിന് ശേഷവും ശശി തരൂരിന് കോൺഗ്രസിനകത്ത് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന തോന്നൽ സൃഷ്ടിച്ച അസ്വസ്ഥതകളാണ് ഇപ്പോൾ കണ്ടുവരുന്നത്.

കേരളത്തിൽ

സജീവമാകുമ്പോൾ

കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ശശി തരൂരിനെ പ്രേരിപ്പിച്ചത് എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസിനകത്ത് നിന്ന് ലഭിച്ച അപ്രതീക്ഷിത സ്വീകാര്യതയായിരിക്കാം. യുവനേതാക്കളിൽ നിന്ന് നല്ല പിന്തുണയുണ്ട്. എം.കെ. രാഘവനെ പോലുള്ള മുതിർന്നവരുടെ പിന്തുണയുമുണ്ട്.

കേരളം മൊത്തത്തിൽ നഗരസ്വഭാവമുള്ള സംസ്ഥാനമാണല്ലോ. ഗ്രാമങ്ങളെന്ന് പറയാവുന്നവ മലയോരജില്ലകളിലെയും മറ്റും വളരെ കുറച്ച് ഉൾപ്രദേശങ്ങളേ കാണൂ. അത്തരമിടങ്ങൾ പോലും അനുദിനം വളരുകയാണ് . ആ കേരളത്തിൽ ശശി തരൂർ ഒരങ്കത്തിനാണ് ഒരുങ്ങുന്നത്. അദ്ദേഹം ഒറ്റയ്ക്ക് അങ്ങനെ, അതും സംസ്ഥാന നേതൃത്വത്തോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെ, ഇറങ്ങുമെന്ന് ചിന്തിക്കുക വയ്യ. പിന്നിൽ നിന്നുള്ള ശക്തമായ താങ്ങ് അദ്ദേഹത്തിന്റെ കളിക്കുണ്ട്. അതേതെങ്കിലും ഗ്രൂപ്പിന്റേതാണോ?

ഉമ്മൻ ചാണ്ടി ആരോഗ്യപരമായ കാരണങ്ങളാൽ അല്പം ഉൾവലിഞ്ഞതോടെ ക്ഷീണിതമായ എ ഗ്രൂപ്പിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന എം.കെ. രാഘവനെയും തമ്പാനൂർ രവിയെയും പോലുള്ളവർ തരൂരിനൊപ്പമുണ്ടെന്നത് നേരാണ്. പക്ഷേ അവരുടെ മാത്രം ധൈര്യത്തിൽ അങ്ങനെയങ്ങ് ഇറങ്ങുമോ ശശി തരൂർ? സംസ്ഥാന കോൺഗ്രസിൽ പല നിലയ്ക്കും നേതൃതലങ്ങളിൽ കണ്ടുവരുന്ന ആശയക്കുഴപ്പങ്ങൾ മറികടക്കാൻ തരൂരിനെ പോലൊരാൾ വരട്ടെയെന്ന് ചിന്തിക്കുന്ന പ്രമാണിമാർ ആരെങ്കിലുമുണ്ടോ?

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരാൻ ചലനാത്മകനേതൃത്വം വേണം. ഇപ്പോഴത്തെ നേതാക്കളെല്ലാം ഊർജ്ജസ്വലരാണെന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ അതിനപ്പുറത്തേക്ക് ശശി തരൂരിനൊരു കോർപ്പറേറ്റ് ഇമേജ് കാണുമ്പോൾ, 2014ൽ രാജ്യത്ത് നരേന്ദ്രമോദി അവതരിപ്പിക്കപ്പെട്ടതുപോലെ കേരളത്തിൽ ശശി തരൂർ അവതരിപ്പിക്കപ്പെടുകയാണോ ?

തരൂരിന് പുറത്ത് ലഭിക്കുന്ന പരിവേഷത്തെ തള്ളിപ്പറയാൻ കോൺഗ്രസിനാവില്ല. പക്ഷേ, നേതൃബാഹുല്യത്താൽ വീർപ്പുമുട്ടുന്ന കോൺഗ്രസിന് ഒരു ബാദ്ധ്യതയുമാണ് അദ്ദേഹം. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ നേരിട്ട് കേരളപര്യടനം തീരുമാനിച്ച ശശി തരൂരിനോട് പലരും നെറ്റി ചുളിക്കുന്നുണ്ട്. കോൺഗ്രസ് സംഘടനാ സംവിധാനത്തിനകത്ത് ഒതുങ്ങി നിൽക്കാതെ കളിച്ചാൽ പാർട്ടിക്കകത്ത് പിടിച്ചുനിൽക്കാനാവുമോ എന്നത് ചോദ്യമാണ്. ഏത് കളിക്കും മടിക്കാത്ത നേതാക്കളാണ് ചുറ്റിലും.

തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് തവണ വിജയിച്ചെങ്കിലും ഇപ്പോൾ ശശി തരൂരിന് പഴയ പ്രതാപമുണ്ടെന്ന് പറയാനാവില്ല. മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ലെന്നത് വ്യാപകമായി ആളുകൾ പറയുന്നു. വിഴിഞ്ഞം സമരത്തിലെ നിലപാട് പ്രബലരായ ലത്തീൻ സഭാനേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

സർവോപരി, ശശി തരൂർ താഴെത്തട്ടിലെ സാധാരണക്കാരിലും സാധാരണക്കാരായ ജനങ്ങളോട് താദാത്മ്യം പ്രാപിച്ചിട്ടില്ലാത്ത നേതാവായാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇപ്പോഴത്തെ കളിക്ക് ഇറങ്ങുമ്പോൾ അർബൻ എലീറ്റ് ക്ലാസിന്റെ വക്താവെന്ന പരിവേഷം ഗുണമാകില്ലെന്ന്, പലരും അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.

പക്ഷേ, ശശി തരൂർ എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടാണ്. അതെന്തെന്നും ഏതെന്നുമാണ് കണ്ടറിയേണ്ടത്.