തിരുവനന്തപുരം : ജീവിതത്തിലാദ്യമായി സിന്തറ്റിക്ക് ട്രാക്കിലെ ഓട്ടം! കൂടെ ഓടുന്നത് കായിക സ്കൂളുകളിലെ മികവേറിയ മത്സരാർത്ഥികൾ.പക്ഷേ ഇതൊന്നും ആരതിയെ അലട്ടിയില്ല.സീനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്റർ മത്സരം ഇന്നലെ സാക്ഷിയായത് വലിയൊരു അട്ടിമറിയ്‌ക്കായിരുന്നു.നെടുമങ്ങാട് ഗേൾസ് ഗവ.എച്ച്.എസ്.എസിലെ ആരതി വെല്ലുവിളികളെ മറികടന്ന് സ്വർണം നേട്ടം സ്വന്തം പേരിലാക്കിയപ്പോൾ നെടുമങ്ങാട് സ്‌കൂളിലെ അദ്ധ്യാപകർ പ്രിയ ശിഷ്യയുടെ അപ്രതീക്ഷിത വിജയത്തിൽ തുള്ളിച്ചാട്ടി ആർപ്പു വിളിച്ചു.സ്‌കൂളിലെ ചെയർപേഴ്സണും സ്റ്റുഡന്റ് കേഡറ്റുമായ ആരതിയെ ഈ വർഷമാണ് സ്‌കൂളിലെ കായികദ്ധ്യാപകനായ കെ.എൽ വിനോദ് ട്രാക്കിലെത്തിച്ചത്. മെഡൽ നേട്ടമൊന്നുമില്ലെങ്കിലും നല്ലൊരു പ്രകടനം ആരതിയിൽ നിന്ന് പ്രതീക്ഷിച്ചവർക്ക് ഇതൊരു അതിമധുരമായി.കായിക സ്കൂളുകളിലെ അതികായരായ ജി.വി.രാജ സ്‌പോർടസ് സ്‌കൂളിലെയും കാര്യവട്ടം സായിലെയും വിദ്യാർത്ഥികളെ മലർത്തിയടിച്ച് ആരതിക്ക് ഒന്നാം സ്ഥാനത്ത് എത്താനായത് നെടുമങ്ങാട് സ്കൂളിന് ചരിത്ര നേട്ടമായി. ടെക്‌നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ കെ.എസ്.വിനോദ് കുമാറിന്റെയും എസ്.ആർ.അഖിലയുടെയും മകളാണ്. ഭാവിയിൽ പൊലീസുകാരിയാകണമെന്നാണ് ആരതിയുടെ ആഗ്രഹം.