തിരുവനന്തപുരം: വർക്കല ചെമ്മരുതി ബഡ്സ് സ്കൂളിലെ അദ്ധ്യാപികയെ പിരിച്ചുവിടുന്നതിൽ പ്രതിഷേധവുമായി പി.ടി.എയും രക്ഷിതാക്കളും. ഗുരുതര വീഴ്ച്ചകൾ വരുത്തിയതുമൂലം ഒഴിവാക്കിയ അദ്ധ്യാപികയെ തിരിച്ചെടുക്കുന്നത് തടയണമെന്നും നിലവിലെ അദ്ധ്യാപികയെ നിലനിറുത്തണമെന്നും വാർത്താസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് നടയറ ജബ്ബാർ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യമുയർത്തി. മുമ്പുണ്ടായിരുന്ന അദ്ധ്യാപികയുടെ പിഴവുമൂലം സ്കൂളിലെ ഒരു വിദ്യാർത്ഥിനി ഓട്ടോ ഡ്രൈവറുടെ ശാരീരിക ഉപദ്രവത്തിന് ഇരയായെന്നും കേസ് നിലനിൽക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു. ഒഴിവാക്കിയ അദ്ധ്യാപികയെ തിരിച്ചെടുത്താൽ മക്കളെ സ്കൂളിൽ വിടില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. രക്ഷിതാക്കളായ ആർ.ധന്യ, വി.ഷൺമുഖൻ, ആർ.മോഹനൻ തുടങ്ങിയവരും പങ്കെടുത്തു.