കടയ്ക്കാവൂർ: മീരാൻകടവ് ചെക്കാലവിളാകം റോഡിൽ വെള്ളക്കെട്ട് പതിവായിട്ടും ശാശ്വതപരിഹാരം കാണാൻ നടപടിയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. മഴ ശക്തി പ്രാപിച്ചതോടെ റോഡിന് സമീപം താമസിക്കുന്നവരും ഏറേ ബുദ്ധിമുട്ടിലാണ്. ദിവസങ്ങൾ കഴിഞ്ഞാലും വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. റോഡിനു സമീപത്ത് താമസിക്കുന്നവരുടെ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയിലാണ്. ഇതോടെ വെള്ളം കെട്ടിനിന്ന് വീടുകൾക്കും മതിലുകൾക്കും ബലക്ഷയം സംഭവിക്കുന്നു. സ്കൂൾ കുട്ടികൾ മലിനജലത്തിൽ ചവിട്ടി വേണം സ്കൂളിലെത്താൻ. ഇരുചക്രവാഹനങ്ങളും, ഓട്ടോ, കാറുകൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ ഇറങ്ങുന്നതോടെ എൻഞ്ചിൻ തകരാർ സംഭവിക്കുന്നതായും പരാതിയുണ്ട്.

ചുറ്റിക്കറങ്ങി യാത്ര

റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങൾ ഗ്യാസ് ഏജൻസി റോഡ്- റെയിൽവേ സ്റ്റേഷൻ വഴി ചുറ്റി സഞ്ചരിക്കണം. താഴ്ന്ന പ്രദേശമായതിനാൽ മഴ ആരംഭിക്കുന്നതോടെ വെള്ളക്കെട്ടുകൾ രൂപപ്പെടും, ഇത് പൂർണമായി ഒഴുകി പോകാറില്ല. ഈ മലിനജലം സമീപത്തെ ഓടയിലൂടെ മീരാൻ കടവ് കായലിലേക്ക് ഒഴുകി പോവുകയാണ് പതിവ്. എന്നാൽ ഓടകൾ കൃത്യമായ സമയങ്ങളിൽ മാലിന്യം നീക്കി ശുചീകരിക്കാത്തതാണ് ക്രമാതീതമായി വെള്ളക്കെട്ടുകൾ രൂപപ്പെടാൻ കാരണമെന്നും ദേശവാസികൾ പറയുന്നു.

സർവത്ര മലിനം

പ്രദേശത്തെ കിണറുകളും മലിനമാണ്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയും നിലവിലുണ്ട്. കൃത്യമായ സമയങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിൽ പ്രദേശത്തെ ഓടകൾ മണ്ണും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ബന്ധപ്പെട്ടവർക്ക് പരാതി നൽകി നാട്ടുകാർ കുഴഞ്ഞു.

ശുചീകരണം വേണം

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നതോടെ മലിനജലം കടയ്ക്കുള്ളിലേക്ക് കയറുന്നതും പതിവാണ്. താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ട് ഉയരം കൂട്ടി റോഡ് നിർമ്മിച്ചും ഓടകൾ നവീകരിച്ചും മാലിന്യങ്ങൾ നീക്കംചെയ്തും മലിനജലം സുഗമമായി ഒഴുകി പോകാനുള്ള ശാശ്വത പരിഹാരം കാണണമെന്നാണ് പൊതുവായ ആവശ്യം.