
ആറ്റിങ്ങൽ: ടൂറിസം വികസനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നിർമ്മിച്ച കുട്ടികളുടെ പാർക്ക് തുരുമ്പെടുത്ത് നശിക്കുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച പാർക്കാണ് ഇന്ന് ഉപയോഗശൂന്യമായിരിക്കുന്നത്. കൊവിഡ് ഭീഷണിയെത്തുടർന്ന് അടച്ചിട്ടതോടെയാണ് പാർക്കിന് ശനിദശ ആരംഭിച്ചത്. കുട്ടികളുടെ കളിക്കോപ്പുകൾ പലതും തുരുമ്പിച്ച് ഒടിഞ്ഞു. കാടുകയറി പാർക്ക് പാമ്പുകളുടെ സങ്കേതമായി. അടുത്തിടെ നഗരസഭ കാടു വെട്ടിത്തെളിച്ചെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ കാട് തഴച്ചു വളരുകയാണ്.
14 വയസുവരെയുള്ള കുട്ടികൾക്കുമാത്രമേ പാർക്കിലെ കളിക്കോപ്പുകൾ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. മുതിർന്ന കുട്ടികൾക്കായി ചെസ്, കാരംസ്, റിംഗ് ബോൾ എന്നീ വിനോദോപാധികളും ആറ്റിങ്ങലിന്റെ ചരിത്രം വിശദമാക്കുന്ന ചിത്രശാലാ മ്യൂസിയവും ഇവിടെ ഒരുക്കിയിരുന്നു. ജനകീയ ഹോട്ടൽ തുടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും അതിന്റെ പ്രാരംഭ പ്രവർത്തനംപോലും നടന്നില്ല.
പാർക്ക് സ്ഥാപിച്ചത്
കഠിനംകുളം കായലോര ടൂറിസം പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാരവകുപ്പാണ് കൊല്ലമ്പുഴയിൽ വർഷങ്ങൾക്ക് മുൻപ് കുട്ടികൾക്കു വേണ്ടി പാർക്കും ബോട്ട് ക്ലബും സ്ഥാപിച്ചത്. പാർക്കിനോടു ചേർന്ന് ഫ്ലോട്ടിംഗ് ബോട്ട് ജെട്ടിയും സ്ഥാപിച്ചിരുന്നു. എന്നാൽ ബോട്ട് കൊണ്ടുവരാൻ കഴിഞ്ഞില്ല. ബോട്ട് ജെട്ടി വെള്ളം കയറി നശിച്ചു.
നവീകരണം നടത്തിയെങ്കിലും
പാർക്കിലെ കളിക്കോപ്പുകൾ തുരുമ്പെടുത്ത് നശിച്ചതോടെ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാതായി. തുടർന്ന് അന്നത്തെ എം.എൽ.എ ബി. സത്യൻ ഇടപെട്ടതിനാൽ പാർക്ക് നവീകരിക്കാൻ വിനോദസഞ്ചാരവകുപ്പ് വീണ്ടും മുന്നോട്ടുവന്നു. പാർക്കിന്റെ ഉടമസ്ഥാവകാശവും സംരക്ഷണാവകാശവും നഗരസഭയ്ക്ക് വിട്ടുനൽകണമെന്ന് അന്നത്തെ ചെയർമാൻ എം. പ്രദീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും എം.എൽ.എ വിനോദസഞ്ചാരവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ പാർക്ക് നവീകരിക്കാനുള്ള ഫണ്ടും നിയന്ത്റണാധികാരവും നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.
കൊല്ലമ്പുഴയിൽ ആറ്റിങ്ങൽ കൊട്ടാരത്തിനും വാമനപുരം നദിക്കും ഇടയിലെ സ്ഥലത്താണ് കുട്ടികളുടെ പാർക്ക്. പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 7 വരെയും അവധി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 8 വരെയുമാണ് പാർക്ക് പ്രവർത്തിച്ചിരുന്നത്. കാടുമൂടി പ്രവർത്തന രഹിതമായ ഈ പാർക്കിൽ സമയക്രമം ഇപ്പോഴും ഇവിടെ എഴുതിവച്ചിട്ടുണ്ട്.