
വിഴിഞ്ഞം: വിഴിഞ്ഞം തീരത്തെ ക്രൂ ചേഞ്ചിംഗ് കേന്ദ്രം അനുവദിക്കാൻ ഇനിയും തടസങ്ങൾ ഏറെ. സംസ്ഥാന സർക്കാരിന് നല്ല വരുമാനം ലഭിക്കുന്ന ക്രൂ ചേഞ്ചിംഗ് നിറുത്തലാക്കിയത് ഐ.എസ്.പി.എസ്.കോഡ് (ഇന്റർനാഷണൽ ഷിപ്സ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ്) അനുസരിച്ചുള്ള സുരക്ഷ ഒരുക്കാത്തത് കാരണമെന്നാണ് പരാതി. കൊവിഡ് കാലത്ത് മറ്റ് തുറമുഖങ്ങൾ പൂർണമായും അടച്ചതോടെ ക്രൂ ചേഞ്ചിംഗ് വിഴിഞ്ഞം തുറമുഖം താത്കാലികമായി തുറന്നുകൊടുത്തു. എന്നാൽ 2 വർഷം പൂർത്തിയാക്കിയ ക്രൂ ചേഞ്ചിംഗ് അനുമതി നിറുത്തലാക്കിയെന്ന ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാരിന് ഇതുമൂലം നഷ്ടം. ഐ.എസ്.പി.എസ് കോഡ് കൊണ്ടുവരാൻ പോർട്ട് ഡിപ്പാർട്ട്മെന്റിൽ നിന്നോ കേരള മാരിറ്റൈം ബോർഡിൽ നിന്നോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ക്രൂ ചേഞ്ചിംഗ് നടത്തുന്ന ഷിപ്പിംഗ് ഏജൻസികളുടെ പരാതി.
** കൊവിഡ് പ്രതിസന്ധി കാലത്ത് ലോകത്തെ മറ്റ് തുറമുഖങ്ങളിൽ ക്രൂ ചേഞ്ചിംഗിനു അനുമതി നിഷേധിച്ചപ്പോഴാണ്, നിയന്ത്രിത തോതിൽ വിഴിഞ്ഞം തുറമുഖത്തിന് ക്രൂ ചേഞ്ചിംഗിന് അനുമതി നൽകിയത്.
ഐ.എസ്.പി.എസ് കോഡ്
രാജ്യവും അവയുടെ തീരപ്രദേശവും നേരിടുന്ന സുരക്ഷാ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഓരോ തുറമുഖത്തും ഐ.എസ്.പി.എസ്.കോഡും സുരക്ഷാ മാനദണ്ഡങ്ങളും നിർണയിക്കുന്നത്. സംസ്ഥാന സർക്കാരുകൾ മെറ്റൽ ഡിക്ടക്ടർ, നിരീക്ഷണ കാമറകൾ, സ്കാനറുകൾ എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയശേഷമാണ് കേന്ദ്രം ഐ.എസ്.പി.എസ്. കോഡ് അനുവദിക്കുന്നത്. ക്രൂ ചേഞ്ചിംഗിലൂടെ കോടികൾ വരുമാനം ഉണ്ടായെങ്കിലും 12 ലക്ഷത്തോളം രൂപ മാത്രം ചെലവാക്കി കാമറകൾ സ്ഥാപിക്കാൻ അധികൃതർ താല്പര്യം കാണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു.
സർക്കാരിന് വരുമാനം
2020 - 22 കാലയളവിൽ 736 മദർ വെസ്സലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചേഞ്ചിംഗിനായി അടുത്തു. 10 കോടിയിൽപരം രൂപ തുറമുഖ വകുപ്പിന് വരുമാനമായും ലഭിച്ചു. ഇന്ത്യൻ പോർട്ടുകളിൽ സാധാരണഗതിയിൽ അടുക്കാത്ത വെസലുകളാണ് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗിനായി നങ്കൂരമിട്ടത്. തന്മൂലം കേരളത്തിന് പ്രത്യക്ഷമായും പരോക്ഷമായും വരുമാനം ലഭിച്ചിരുന്നു. ഈ റവന്യൂ വരുമാനം നിലനിറുത്താൻ സർക്കാർ പരമാവധി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. വൻ വരുമാന ലഭ്യതയുമുണ്ടായതോടെ വിഴിഞ്ഞത്തിന് രാജ്യാന്തര ക്രൂചേഞ്ച് ആൻഡ് ബങ്കറിംഗ് ടെർമിനൽ എന്ന പദവി സംസ്ഥാന സർക്കാർ നൽകി.