shyju

തിരുവനന്തപുരം:അത്യന്തം ആവേശഭരിതം! വിധികർത്താക്കളായി ഇരുന്നവർ പോലും ആവേശത്തിൽ കൈയടിച്ചു പോയ ക്ലിനിക്കൽ ഫിനിഷിംഗ്. അതായിരുന്നു ജൂനിയർബോയ്സിന്റെ 1500 മീറ്റർ മത്സരം. ഒന്നാമതെത്തിയ ഗവ.എച്ച്.എസ്.എസ് വെഞ്ഞാറൻമൂട്ടിലെ സിദ്ധാർത്ഥ് ഫിനിഷ് ചെയ്‌തത് 4.43.23 സെക്കൻഡിൽ. രണ്ടാമതെത്തിയ വെട്ടുകാട് സെന്റ്‌മേരീസ് എച്ച്.എസ്.എസിന്റെ ഷൈജു ഫിനിഷ് ചെയ്‌തത് 4.43.25 സെക്കൻഡിൽ. ഇമ ചിമ്മുന്നതിന്റെ ഞൊടിയിടയിലാണ് സ്വർണവും വെള്ളിയും നിർണയിക്കപ്പെട്ടത്. ധരിക്കാൻ ഒരുഷൂ പോലും ഇല്ലാതെ കൊടിയ വെയിലത്ത് ട്രാക്കിൽ ഓടിയെത്തി വെള്ളി നേടിയ ഷൈജുവിനെ അടുത്ത് വിളിച്ച് അഭിനന്ദിക്കാനും ഉപദേശങ്ങൾ നൽകാനും വിധികർത്താക്കൾ മറന്നില്ല. ഒരിക്കൽപ്പോലും പ്രാക്ടീസ് ചെയ്യാതെയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നറിഞ്ഞപ്പോൾ അവ‌ർ അവനെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. നന്നായി പ്രാക്ടീസ് ചെയ്‌ത് ഉയരങ്ങളിലെത്തണമെന്നും അടുത്ത തവണ വെള്ളി പൊന്നാക്കണമെന്നും പറഞ്ഞു. ഫുട്ബാളിന്റെ പിൻബലം കൊണ്ടുമാത്രം കായിക മേളയ്‌ക്ക് എത്തിയതായിരുന്നു ഷൈജു. കണ്ണാന്തുറയിൽ വാടകയ്‌ക്ക് താമസിക്കുന്ന ഷൈജു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ടോമിയെന്ന കോച്ചാണ് ഷൈജുവിനെ കായിക മേളയിലേക്ക് വഴിതിരിച്ചു വിട്ടത്. ഓട്ടോറിക്ഷ ഡ്രൈവർ ബിജുവിന്റെയും രഹ്നയുടെയും മകനനാണ് ഷൈജു. സഹോദരി അരുണ.