
തിരുവനന്തപുരം: പതിവിലും വ്യത്യസ്തമായി ചാണകവെള്ളവും കർപ്പൂരവും ചൂലുമായാണ് ഇന്നലെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയിലെത്തിയത്. കത്ത് വിവാദത്തിൽ പ്രതീകാത്മകമായി 'ശുദ്ധി കലശം" നടത്തി പ്രതിഷേധിക്കുകയായിരുന്നു യു.ഡി.എഫ്. രാവിലെ യു.ഡി.എഫിന്റെ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ സത്യഗ്രഹത്തിനിടെ പ്രകടനമായി വന്ന് നഗരസഭയ്ക്ക് മുന്നിൽ ചൂലടിച്ച് ചാണകവെള്ളം തളിച്ചു. തുടർന്ന് പുഷ്പം വിതറി കർപ്പൂരം തെളിച്ചാണ് ശുദ്ധികലശം നടത്തിയത്. നഗരസഭയിലെത്തിയവരും ജീവനക്കാരും കൗതുകത്തോടെയാണ് ഇത് കണ്ടത്. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ, കൗൺസിലർമാരായ ശ്യാംകുമാർ, മേരി പുഷ്പം, ആക്കുളം സുരേഷ്, സതികുമാരി, വനജ രാജേന്ദ്രബാബു, സി. ഓമന, സെറാഫിൻ ഫ്രെഡി, മിലാനി പെരേര എന്നിവർ ശുദ്ധികലശത്തിന് നേതൃത്വം നൽകി. നഗരസഭാ കവാടത്തിൽ നടന്ന യു.ഡി.എഫ് നേതാക്കളുടെ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.എസ്. ശിവകുമാർ, എം. വിൻസെന്റ് എം.എൽ.എ, നേതാക്കളായ വർക്കല കഹാർ, എം.എ. വാഹീദ്, ഇറവൂർ പ്രസന്നകുമാർ, കരുമം സുന്ദരേശൻ, എം.ആർ.മനോജ്, ജയകുമാർ, ചെമ്പഴന്തി അനിൽ, കൈമനം പ്രഭാകരൻ, ശ്രീകണ്ഠൻ നായർ, പാളയം ഉദയകുമാർ, ആർ.ഹരികുമാർ, കൃഷ്ണകുമാർ, അഭിലാഷ്, വലിയശാല പരമേശ്വരൻ നായർ, മണ്ണാമ്മൂല രാജൻ, അണ്ടൂർക്കോണം സനൽ, ഉള്ളൂർ മുരളി, വാഴോട്ടുകോണം ചന്ദ്രശേഖരൻ, ഡി. അനിൽകുമാർ, തമലം കൃഷ്ണൻ കുട്ടി, ജയേന്ദ്രൻ, ശിവകുമാർ എന്നിവർ പങ്കെടുത്തു. സമരത്തിനിടെ പൊലീസിനെ വെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റത്തിനിടയാക്കി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തരെ പിന്തിരിപ്പിച്ചു.
കർഷകമോർച്ച മാർച്ച് നടത്തി
മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് സംസ്ഥാന സെക്രട്ടറി എൻ.പി. രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ്, ജനറൽ സെക്രട്ടറി സുദർശനൻ, പ്രേംകുമാർ, ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് നഗരസഭയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു. തുടർന്ന് പ്രവർത്തകർ ധർണ നടത്തി. ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൗൺസിലർമാർ സമരത്തിന് നേതൃത്വം നൽകി.