gatha

നെടുമങ്ങാട്: എം.സി റോഡിലെ വട്ടപ്പാറ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തിനു ദശകങ്ങളുടെ പഴക്കം. അപകടങ്ങൾ ഇവിടെ നിത്യസംഭവമായിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. വട്ടപ്പാറ പൊലീസ് സ്റ്റേഷന് മുന്നിലാണ് ഗതാഗത കുരുക്ക് കൂടുതലായും അനുഭവപ്പെടുന്നത്. തിരക്കേറിയ മൂന്നു റോഡുകളുടെ സംഗമ സ്ഥാനമാണ് വട്ടപ്പാറ. ട്രാഫിക് നിയന്ത്രണം ഇല്ലാത്തതും, സിഗ്നൽ ലൈറ്റുകൾ ഇവിടെസ്ഥാപിക്കാത്തതും അപകട സാദ്ധ്യത കൂടുന്നതിന് കാരണമായിട്ടുണ്ട്. ഗതാഗത തടസ്സം മാറ്റുന്നതിന് ശാസ്ത്രിയമായ രീതിയിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയും ട്രാഫിക് പൊലീസിന്റെ സേവനവും ഉണ്ടായാൽ അപകടങ്ങൾ കുറയും. വർഷങ്ങളായി യാത്രക്കാർ നേരിടുന്ന പ്രശ്നത്തിന് അടിയന്തിര നടപടി ഉണ്ടാക്കണമെന്നും മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകളിൽ നിറഞ്ഞു കിടക്കുന്ന മാലിന്യം സമയാസമയം നീക്കം ചെയ്തും റോഡിന്റെ വീതി കൂട്ടണമെന്നും ഡി.സി.സി മെമ്പർ വട്ടപ്പാറ ബാബുരാജ് ആവശ്യപ്പെട്ടു.