
തിരുവനന്തപുരം: മറഡോണയുടെ പാദസ്പർശത്താൽ അനുഗൃഹീതമായ കേരള മണ്ണിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണ്ണൂർ, മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോൾ അനുസ്മരിച്ചുകൊണ്ട് മറഡോണയുടെ സ്വർണത്തിൽ തീർത്ത ശില്പവുമായി ഖത്തർ ലോകകപ്പ് കാണാൻ യാത്ര തിരിച്ചു.
വിദ്യാർത്ഥികൾ, കായികപ്രേമികൾ, പൊതുജനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഈ യാത്രയിൽ പങ്കുചേരും. ബോചെ ആൻഡ് മറഡോണ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായി വിദ്യാർത്ഥികളെ അണിനിരത്താൻ തിരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് 'ലഹരിക്കെതിരെ ഫുട്‌ബാൾ ലഹരി' എന്ന മറഡോണയുടെ സന്ദേശവുമായാണ് ബോചെയുടെ പ്രയാണം. കൂടാതെ 'ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബാൾ കളിക്കും' എന്ന ലക്ഷ്യത്തിനായി വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയിൽ ബോചെ തുടക്കം കുറിക്കും.മറഡോണ ലഹരി ഉപയോഗിച്ചിരുന്നു. ലഹരിയാണ് തന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്നും മറഡോണ തന്നോട് പറഞ്ഞതായി ബോബി ചെമ്മണ്ണൂർ പറഞ്ഞു. കുട്ടികൾക്കൊപ്പം നൃത്തം വച്ചും സെൽഫിയെടുത്തും ബോബി ചെമ്മണ്ണൂർ ആഹ്ളാദം പങ്കിട്ടു. കേരളം,കർണാടക,ഗോവ,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രയാണം നടത്തി ഖത്തറിലാണ് യാത്ര അവസാനിപ്പിക്കുന്നത്. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് പ്രയാണത്തിന്റെ തുടക്കം. മന്ത്രി മുഹമ്മദ് റിയാസ് കിക്കോഫും ഫ്ളാഗ് ഓഫും നടത്തി യാത്ര ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പി. പ്രസാദ്, ആന്റണി രാജു, രമ്യ ഹരിദാസ് എം.പി തുടങ്ങിയവർ പങ്കെടുത്തു.