
തിരുവനന്തപുരം: വിസ്മയിപ്പിക്കുന്ന മ്യൂസിക്കൽ ഫൗണ്ടയിനും അഡ്വഞ്ചർ പാർക്കും ചിൽഡ്രൻസ് പാർക്കും ഒക്കെ അടങ്ങിയ തലസ്ഥാനത്തിന്റെ ആദ്യത്തെ കംപ്ലീറ്റ് ടൂറിസം ഡെസ്റ്റിനേഷനാകാൻ ഒരുങ്ങി ആക്കുളം ടൂറിസ്റ്റ് വില്ലേജ്. നാളെ വൈകിട്ട് 5ന് മന്ത്രി പി. എമുഹമ്മദ് റിയാസ് ടൂറിസം വില്ലേജ് നാടിന് സമർപ്പിക്കും. എം.എൽ.എൽമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാകളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
സൈക്ളിംഗ്, കുടുംബമായും കൂട്ടുകാരുമായുമൊക്കെ ആസ്വദിക്കാവുന്ന ടീം ബിൽഡ് അപ്പ് ഗെയിംസ്, ദിവസം മുഴുവനും പാർക്കിൽ ചെലവഴിക്കാനുള്ള പാക്കേജുകൾ എന്നിങ്ങനെ നിരവധി സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ടൂറിസം ക്ലബ്,വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) എന്നിവയുടെ സംയുക്ത പ്രയത്നത്തിലൂടെയാണ് ടൂറിസം ക്ലബിന് പുതിയമുഖം നൽകിയത്. ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സംരംഭമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. നിലവിലെ വികസനങ്ങൾ ആദ്യഘട്ടമായി നടത്തിയതാണെന്നും കൂടുതൽ മികച്ച സംവിധാനങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ പറഞ്ഞു.
പ്രവർത്തന സമയം - രാവിലെ 8 മുതൽ വൈകിട്ട് 8 വരെ
 അവധി ദിവസങ്ങളിൽ- വൈകിട്ട് 9 വരെ
അഡ്വഞ്ചർ പാർക്ക്
ഉയരത്തിൽ തൂങ്ങി 100 മീറ്റർ സഞ്ചരിക്കാവുന്ന സിപ് ലൈൻ, റോപ്പ് സൈക്ളിംഗ്, ഹൈറോപ്പ് ആക്ടിവിറ്റികളായ എക്സ് വോക്ക്, ട്രീ സർഫിംഗ്, ബാംബൂ ലാഡർ, മങ്കി ക്രോലിംഗ്, മൾട്ടിവൈൻ, കമിലിയോൺ വാക്ക്, എർത്ത് ക്വിക്ക് വോക്ക്, ബർമലൂപ്പ്,ടയർ സർഫിംഗ് തുടങ്ങിയവയും വാട്ടർ ഫാൾസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. സഞ്ചാരികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാനുള്ള ടീമും സജ്ജമാണ്.
ടീം ബിൽഡ് അപ്പ് ഗെയിംസും പാക്കേജും
ബലൂൺ കാസിൽ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ, എയർ ഫോഴ്സ് മ്യൂസിയം, കോക്പിറ്റിന്റെ ചലിക്കുന്ന മാതൃക, കുട്ടവഞ്ചി സവാരി, സ്വിമ്മിംഗ് പൂൾ, ഫെസ് ടു ഫെസ് കോയിൻ ഗെയിംസ്, ടാർഗറ്റ് ബാൾസ്, ഫ്രണ്ട്ഷിപ്പ് വോക്ക് തുടങ്ങി 25 ഓളം ഗെയിംസുകളാണ് ഒരു ദിവസത്തെ പാക്കേജിൽ ഉൾപ്പെടുന്നത്.
 പ്രവേശനം സൗജന്യം
പാർക്കിലേക്ക് ഉദ്ഘാടന ദിവസം നാല് മുതൽ എല്ലാ സാഹസിക വിനോദ റൈഡിലടക്കം പ്രവേശനം സൗജന്യമാണ്. പുതുവത്സരം വരെ സാഹസിക വിനോദങ്ങൾ അടക്കമുള്ള പ്രവേശനങ്ങളിൽ പൊതുജനങ്ങൾക്ക് 30 ശതമാനവും കുട്ടികൾക്ക് 40 ശതമാനവും ഇളവ് ലഭിക്കും. ആക്കുളം ബോട്ട് ക്ലബ് പരിസരത്ത് പുതിയതായി ആരംഭിക്കുന്ന സിനിമാ സൗഹൃദ കഫെയുടെ ഡിസംബർ ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങും.
ടിക്കറ്റ് നിരക്ക്
കംപ്ലീറ്റ് ഹൈ റോപ്പ് അഡ്വഞ്ചർ കോംബോ ആക്റ്റിവിറ്റി........ 560 രൂപ
വിദ്യാർത്ഥികൾക്ക് ....480 രൂപ
മിനി ഹൈ റോപ്പ് കോംബോ ആക്റ്റിവിറ്റി...... 420 രൂപ
വിദ്യാർത്ഥികൾക്ക്.......... 360 രൂപ