dyfi

തിരുവനന്തപുരം: രാജ്ഭവനിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കത്ത് നൽകിയ ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ രാജ്ഭവൻ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ഗവർണറുടെ നിലപാടുകളിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് രാജ്ഭവനിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കയച്ച കത്തെന്നും അയോഗ്യരെ പിൻവാതിൽ വഴി നിയമിക്കാനും അതിനായി ഇല്ലാത്ത തസ്തികകൾ ഉണ്ടാക്കാനും ശുപാർശ നൽകുന്നത് ഗവർണർ പദവിക്ക് യോജിച്ചതല്ലെന്നും ഷിജൂഖാൻപറഞ്ഞു. ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറുപുലർത്തേണ്ട ഭരണഘടനാ പദവിയിലിരുന്ന് ഗവർണർ പിൻവാതിൽ നിയമനങ്ങൾക്ക് നേതൃത്വം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ വി.എസ്.ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.എസ് .നിതിൻ, എൽ.എസ് ലിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെ.ജിനേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദർശ് ഖാൻ,എ.ഷാനവാസ്, അഡ്വ.അമൽ, എസ്.കവിരാജ്,ഗോപകുമാർ,രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.