a

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരസമിതി നടത്തുന്ന സമരം അപ്രസക്തമായെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറ‍ഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖനിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം മദർപോർട്ട് ആക്ഷൻ സമിതിയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിന് സമീപം ഏലിയാസ് ജോൺ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മാണം നിറുത്തിവയ്ക്കാൻ കഴിയില്ലെന്ന് പുരോഹിതന്മാരെ അറിയിച്ചിരുന്നതാണ്. വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തത് ബിഷപ്പാണ്. അന്ന് ആ യോഗത്തിൽ സി.പി.എം പ്രതിനിധിയായി ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിരുന്നു. പദ്ധതി നിറുത്തണമെന്ന് പറയുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നും ആനാവൂർ പറഞ്ഞു. തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ,​ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി. ജയൻബാബു, വിൽഫ്രഡ് കുലാസ് തുടങ്ങിയവർ സംസാരിച്ചു.