dharna

തിരുവനന്തപുരം:ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ചതിന്റെ ജോലിഭാരം മൂലമുണ്ടായ മാനസിക സമ്മർദ്ദവും ആരോഗ്യ കാരണവും നിമിത്തം തത്‌സ്ഥാനത്തുനിന്ന് റിവേർഷൻ ആവശ്യപ്പെട്ട് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രിക്കും അപേക്ഷ നൽകിയിട്ടും റിവേർഷൻ നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വൈക്കം പോളശ്ശേരി ഗവ. എൽ.പി.എസ് പ്രഥമ അദ്ധ്യാപിക ശ്രീജയുടെ മരണത്തിനുത്തരവാദി സർക്കാരാണന്ന് ആരോപിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ധർണ നടത്തി. റിവേർഷൻ ആവശ്യപ്പെടുന്ന അദ്ധ്യാപകർക്ക് അത് അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ തിരുവനന്തപുരം റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥാനക്കയറ്റം ലഭിച്ച ഹെഡ്മാസ്റ്റർമാർക്ക് ഒരാനുകൂല്യവും ലഭിക്കാതെയാണ് ഹെഡ്മാസ്റ്റർമാർ ജോലി ചെയ്യുന്നത് എന്ന വസ്തുത അധികാരികളെ ഓർമപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നത് ദുഃഖകരമാണെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞു.കെ.പി.എസ്.ടി.എ തിരുവനന്തപുരം റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യൂജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ച ധർണയിൽ സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ്, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജി.ആർ.ജിനിൽ ജോസ്,ബിജു തോമസ്,ആർ. ശ്രീകുമാർ,ജില്ലാ സെക്രട്ടറി എൻ.സാബു,ജില്ലാ ട്രഷറർ എ.ആർ.ഷമീം എന്നിവർ സംസാരിച്ചു.