
ബാക്ടീരിയൽ രോഗാണുബാധകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മൂത്രരോഗാണുബാധയാണ്. മൂന്നിൽ ഒന്ന് സ്‌ത്രീകൾക്ക് ഒരു തവണയെങ്കിലും മൂത്രരോഗാണുബാധ ഉണ്ടായിരിക്കും. മൂത്രരോഗാണുബാധയും മൂത്രക്കല്ലും പരസ്പരം ബന്ധപ്പെട്ടതാണ്. യൂറിയേസ് ഉണ്ടാക്കുന്ന ബാക്ടീരിയ വൃക്കയിൽ സ്ട്രൂവൈറ്റ് കല്ലുകൾ ഉണ്ടാക്കും.
മൂത്രരോഗാണുബാധയുള്ളവരിൽ ഉണ്ടാകുന്ന കല്ലുകളിൽ 35 ശതമാനം കാൽസ്യം അടങ്ങിയ കല്ലുകളാണ്. കല്ലുകൾ കൊണ്ട് വൃക്കയിൽ തടസമുണ്ടാവുകയാണെങ്കിൽ മൂത്രരോഗാണുബാധ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. ചില രോഗികളിൽ ഇടവിട്ടുള്ള മൂത്രരോഗാണുബാധയും അസുഖങ്ങളൊന്നും പ്രകടിപ്പിക്കാത്ത മൂത്രക്കല്ലുകളും കാണും. ഇത്തരം രോഗികളിൽ കല്ലുകൾ നീക്കം ചെയ്യുന്നത് മൂത്രരോഗാണുബാധ നിയന്ത്രിക്കാൻ സഹായിക്കും.
ഒരുവർഷം ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളിൽ 15 ശതമാനം മൂത്രരോഗാണുബാധയുടെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത്. വൃദ്ധജനങ്ങളിലെ മൂത്രരോഗാണുബാധയുടെ കാരണങ്ങൾ പ്രധാനമായും പ്രമേഹം, തലച്ചോറിന്റെ പ്രശ്നങ്ങൾ, ചലനശേഷിയിലുള്ള പ്രശ്നങ്ങൾ മുതലായവ കൊണ്ടാണ്. വൃക്ക പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മൂത്രരോഗാണുബാധയാണ്. കടുത്ത പനിയുണ്ടാക്കുന്ന മൂത്രരോഗാണുബാധ വൃക്കയ്ക്ക് കേട് ഉണ്ടാക്കുന്നതാണ്. ദീർഘനാൾ നീണ്ടുനിൽക്കുന്ന വൃക്കകളുടെ മൂത്രരോഗാണുബാധ രക്തസമ്മർദ്ദം ഉണ്ടാക്കും.
എന്ററോകോക്കസ് ആണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്ന പ്രധാന ബാക്ടീരിയ. ആന്റിബയോട്ടിക് മരുന്നുകളോട് പ്രതിരോധം തീർക്കുന്നതിൽ മുൻപന്തിയിലാണ് എന്റകോകോക്കസ് സ്ട്രൂവൈറ്റ്, ബാക്ടീരിയ ഉള്ള കാൽസ്യം കല്ലുകൾ മുതലായവ തുടർച്ചയായി മൂത്രരോഗാണുബാധ ഉണ്ടാക്കുന്നു. പി.സി.എൻ.എൽ എന്ന ശസ്ത്രക്രിയാ സങ്കേതം ഉപയോഗിച്ച് കല്ലുകൾ പൂർണമായി നീക്കം ചെയ്യുന്നത് ഇടവിട്ടുള്ള മൂത്രരോഗാണുബാധ മാറ്റുന്നതിന് പ്രയോജനപ്പെടും.
ഇ കോളി ബാക്ടീരിയയാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നതിൽ പ്രധാനി. ഇടവിട്ടുള്ള ഇ കോളി മൂത്രരോഗാണുബാധയുള്ള രോഗികളിൽ മൂത്രക്കല്ല് ഉണ്ടെങ്കിൽ പൂർണമായും കല്ല് നീക്കം ചെയ്യുന്നത് മൂത്രരോഗാണുബാധയുടെ ശമനത്തിന് സഹായകരമാകും. ഇത്തരം രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ കൊടുത്ത് മൂത്രം രോഗാണുവിമുക്തമാക്കുന്നത് ശസ്‌ത്രക്രിയയ്ക്കു മുമ്പേ ചെയ്യേണ്ട പ്രധാന കാര്യമാണ്. ശസ്ത്രക്രിയയ്ക്കുശേഷം എക്സ്‌റേ, അൾട്രാസൗണ്ട് സ്കാൻ മുതലായവ ചെയ്ത് മൂത്രക്കല്ലുകൾ ബാക്കിയില്ലെന്ന് ഉറപ്പ് വരുത്തണം. സിടി സ്കാൻ ആണ് ഇത്തരം രോഗികളിൽ മൂത്രക്കല്ല് ബാക്കിയുണ്ടോയെന്ന് അറിയാനുള്ള ഏറ്റവും നല്ല ഉപാധി. ഇടവിട്ട് മൂത്രരോഗാണുബാധ ഉണ്ടാകുന്ന വ്യക്തികളിൽ ആവശ്യമെങ്കിൽ സിടി സ്കാൻ പരിശോധന വഴി മൂത്രക്കല്ലുകൾ പൂർണമായി നീക്കം ചെയ്തെന്ന് ഉറപ്പാക്കണം. മൂത്രരോഗാണുബാധയുടെ ശമനത്തിന് ഇത് അത്യന്താപേക്ഷമാണ്.
ഡോ. എൻ. ഗോപകുമാർ
MS, MCh FEBV, FRCS
ഫോൺ: 9447057297