തിരുവനന്തപുരം: പി.എസ്.സി പരീക്ഷ നടക്കുന്നതിനിടെ ചാല തമിഴ് സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 10 ഫോണുകളും ബാഗുകളും കത്തി നശിച്ചു. എസ്.ഐ ടെസ്റ്റ് എഴുതാനെത്തിയവർ തങ്ങളുടെ മൊബൈൽ ഫോണുകളും ബാഗുകളും സൂക്ഷിച്ച റൂമിലാണ് രാവിലെ 8.10 ഓടെ തീപിടിത്തമുണ്ടായത്.

ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. പരീക്ഷ തടസമില്ലാതെ നടന്നു. രാവിലെ ഏഴരയ്‌ക്കായിരുന്നു പരീക്ഷ. ഡ്രൈവിംഗ് ലൈസൻസ്, ആധാർകാർഡ്, വോട്ടേഴ്സ് ഐ.ഡി കാർഡ് എന്നിവ കത്തി നശിച്ചതിലുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

നൂറിലേറെ ബാഗുകൾ സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിൽ നിന്ന് പുക ഉയരുന്നത് കണ്ട അദ്ധ്യാപകരാണ് പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. തുടർന്ന് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. മൊബൈൽഫോൺ പൊട്ടിത്തെറിച്ചതോ പവർബാങ്കുമായി ബന്ധിപ്പിച്ചിരുന്ന ഫോണിൽ നിന്ന് തീ പടർന്നതോ ആകാം കാരണമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.