peelikunnu-parthukonam-ro

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിൽ അധികൃതരുടെ അനാസ്ഥ മൂലം 6 വർഷമായി തകർന്നുകിടക്കുന്ന റോഡിന് അനുവദിച്ച ഫണ്ട് നഷ്ടമായെന്ന പരാതിയിന്മേൽ പഞ്ചായത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകാനൊരുങ്ങുകയാണ് മുൻ വാർഡ്‌ അംഗം മാവിള വിജയൻ. പീലിക്കുന്ന് -പാർത്തുകോണം റോഡ്‌ പണിക്കായി 2020 - 21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 11 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി എഗ്രിമെന്റ് കരാറുകാരൻ പഞ്ചായത്തിന് കൈമാറിയിട്ടും റോഡ്‌ പണി പാളിയത് അധികൃതരുടെ അനാസ്ഥയാണെന്ന് വാർഡ്‌ അംഗം ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി നിലനിൽക്കുന്ന ഈ റോഡിനെ അവഗണിച്ചതിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റോഡ്‌ നന്നാക്കണമെന്ന് പലതവണ ഗ്രാമസഭകളിൽ ആവശ്യപ്പെട്ടിട്ടും ആരും ഇതുവരെ മറുപടി നൽകിയില്ലെന്ന് നാട്ടുകാർ പറയുന്നു. ടാർ ഇളകി കുന്നും കുഴിയും നിറഞ്ഞ റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ടും വേനലിലെ പൊടിയും കാരണം നാട്ടുകാർ ബുദ്ധിമുട്ടുമ്പോഴും അധികൃതരിൽ നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല.