kk

സുധാകരന്മാർ പല വിധത്തിലാകാം. എന്നാലിവിടെ രണ്ടുവിധം സുധാകരന്മാരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് - കെ. സുധാകരൻ, ജി. സുധാകരൻ. ഒരാൾ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരട്. മറ്റേയാൾ ആലപ്പുഴയിലെ കറതീർന്ന കമ്മ്യൂണിസ്റ്റ് നേതാവായിട്ടും, മറ്റുചില കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ കണ്ണിലെ കരട്.

രണ്ടുപേർക്കും ആകെയുള്ള ഒരു ദോഷം ജന്മനാലുള്ളതാണ്. ഇടംവലം നോക്കാതെ ഉള്ളത് ഉള്ളതുപോലെ തുറന്നടിക്കും! ഒന്നു പറഞ്ഞിട്ട് മറ്റൊന്ന് പ്രവർത്തിക്കുന്ന ശീലമില്ല. ഉള്ളിൽ ഒന്ന്; പുറമേ മറ്റൊന്ന് എന്ന പ്രകൃതവുമില്ല.

രണ്ടുപേരും ബിരുദാനന്തര ബിരുദക്കാരാണ്.

ഒരാൾ രാമായണത്തിന്റെ മലബാർ നാടോടി പാഠങ്ങൾ പറഞ്ഞ്, വേലിക്കൽ ഇരിക്കുന്ന വിവാദമെടുത്ത് കഴുത്തിലണിഞ്ഞെന്നുവരാം. മറ്റേയാൾക്കും ഒരു രാമായണ പാരായണ പാരമ്പര്യമുണ്ട്. അമ്പലപ്പുഴ രാജാവ് കല്പിച്ചപ്രകാരം അക്ഷരസ്ഫുടതയോടെ, അർത്ഥവ്യക്തതയോടെ, നിഷ്‌‌കർഷയോടെ രാമായണം വായിച്ചുപോരുന്ന പാരമ്പര്യത്തിന്റെ ഇങ്ങേത്തലക്കലെ ഒരു കണ്ണി. കവിതയെഴുതും. രണ്ടും മൂന്നും പുസ്തകങ്ങൾ ഒറ്റയടിക്ക് പ്രസിദ്ധീകരിച്ചുകളയും.

ശബരിമലയിൽ യുവതികൾ കയറുന്നതിനെക്കുറിച്ചും ജ്യോതിഷത്തെക്കുറിച്ചും ഗ്രഹങ്ങൾക്ക് മനുഷ്യരിലുള്ള സ്വാധീനത്തെക്കുറിച്ചും പാർട്ടിയുടെ യാഥാസ്ഥിതിക നിലപാടുകൾ പരിഗണിക്കാതെ തുറന്നടിച്ചെന്നുവരാം. എന്നാൽ അകാരണമായി തന്നെ ചവിട്ടി ഒതുക്കാൻ പണിയെടുക്കുന്നവരെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഇതാണ് സുധാകരന്റെ തെക്കൻ ചിട്ട.

സാഹചര്യം ഒത്തുവന്നാൽ വടക്കൻ സുധാകരൻ എന്തും വെട്ടിത്തുറന്നു പറഞ്ഞ് വെട്ടിലാവും. മന്ത്രിസഭാ രൂപീകരണത്തിൽ നെഹ്‌റുവിന്റെ വിശാല മനസ്കതയെക്കുറിച്ച് കോൺഗ്രസുകാർ മനസിലാക്കട്ടെ എന്ന സദുദ്ദേശത്തോടെ പറഞ്ഞതാണ്. കമ്മ്യൂണിസ്റ്റ് കാർക്കോടകന്മാരിൽ നിന്നും പാവം ആർ.എസ്.എസിനെപ്പോലും രക്ഷിക്കാൻ ആളെ അയച്ച വീരകഥകൾ പരസ്യമാക്കും. ഗ്രൂപ്പുകളിച്ച് ആയുസു പാഴാക്കാതെ, കോൺഗ്രസിനെ കേഡർ പാർട്ടിയാക്കാൻ പണിയെടുക്കും.

ദേവസ്വം മന്ത്രിയായിരിക്കെ ശബരിമല നടതുറക്കുമ്പോൾ പുറത്തേക്ക് നോക്കിയ പാരമ്പര്യമുണ്ട് മറ്റേയാൾക്ക്. മലയിറങ്ങി പമ്പ കടക്കും മുമ്പേ ദേവസ്വം മന്ത്രിസ്ഥാനം പോയിക്കിട്ടി! എന്നാലും വിശ്വാസികളുടെ വിശ്വാസത്തോട് ബഹുമാനമുള്ള ഇനമാണദ്ദേഹം.

ഇവർ രണ്ടുപേരെയും രക്ഷപ്പെടുത്താൻ ഒറ്റവഴിയേ ഉള്ളൂ - 'നാക്കുപിഴ."

പണ്ട് പാപികളെക്കൊണ്ടും ദുഷ്ടന്മാരെക്കൊണ്ടും നിറഞ്ഞപ്പോൾ സോദോം നഗരത്തിൽ ദൈവം ഗന്ധക മഴ പെയ്യിച്ചുവത്രേ. അവിടെ ദുഷ്ടന്മാരുടെ മദ്ധ്യത്തിലൂടെ ഒരാൾ 'മാനസാന്തരപ്പെടുക" എന്ന ബോർഡും പിടിച്ച് നടന്നുപോകുന്നതുകണ്ട് ആളുകൾ ചോദിച്ചു. നിങ്ങൾ ഒരാൾ മാത്രം ഇതും പറഞ്ഞ് നടന്നിട്ട് എന്തുപ്രയോജനം?

അപ്പോഴയാൾ പറഞ്ഞുവത്രേ: 'മറ്റുള്ളവരെ മാനസാന്തരപ്പെടുത്തുക അസാദ്ധ്യമെന്ന് എനിക്കറിയാം. എന്നാൽ അവർ എന്നെ മാനസാന്തരപ്പെടുത്താതിരിക്കാനാണ് ഞാനീ ബോർഡുമായി നടക്കുന്നത്..."

സ്വജനപക്ഷപാതികളും പകൽക്കൊള്ളക്കാരും നാട്യക്കാരും അധികാരമോഹികളും പീഡകരുമായ മഹാഭൂരിപക്ഷത്തിന്നിടയിലൂടെ ഈ സുധാകരന്മാർക്കും ഇതുപോലെ ബോർഡും പിടിച്ച് നടക്കേണ്ടിവരുമോ?