drug

തിരുവനന്തപുരം: ലഹരിക്കും ലഹരിമാഫിയയ്ക്കുമെതിരെ ക‌‌‌ർമ്മപദ്ധതി പ്രഖ്യാപിച്ച് വിവിധ സ‌ക്കാ‌ർ വകുപ്പുകൾ ഉണ‌ർന്നിരിക്കെ കേരളത്തിലേക്ക് ലഹരിയുടെ കുത്തൊഴുക്ക്. ഒരുമാസത്തിനുള്ളിൽ സംസ്ഥാനത്തുണ്ടായത് 4169 മയക്കുമരുന്ന് കേസുകളാണ്. 4423പ്രതികൾ അറസ്റ്റിലായി. ഇവിടെ എത്തുന്നതിന്റെ ഒരു ശതമാനം പോലും പിടിക്കപ്പെടുന്നില്ല എന്നറിയുമ്പോഴാണ് ലഹരിവരവിന്റെ ഭീകരത വെളിപ്പെടുന്നത്.

രാസലഹരിയായ എം.ഡി.എം.എ 1846.065ഗ്രാമും 177കിലോ കഞ്ചാവും 46ഗ്രാം ബ്രൗൺഷുഗറും 941ഗ്രാം ഹാഷിഷ് ഓയിലുമാണ് ഒക്ടോബർ ആറിനും നവംബർ 20നുമിടയിൽ പിടിച്ചെടുത്തത്. 2020ൽ 4650-ഉം 2021ൽ 5334-ഉം കേസുകൾ മാത്രമാണുണ്ടായിരുന്നത്. ഇക്കൊല്ലം ഇതുവരെ 25,000ത്തോളം കേസുകളായി.കോളേജ് ഹോസ്റ്റലുകളിൽ ലഹരിപ്പാർട്ടി നടത്തിയും ലഹരിയുപയോഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചും കൂസലില്ലാതെ വിലസുകയാണ് ആൺ-പെൺ വ്യത്യാസമില്ലാതെ ന്യൂജൻഗ്രൂപ്പുകൾ.

പൊലീസിന്റെ ഔദ്യോഗിക കണക്കുപ്രകാരം കൊച്ചി, കോട്ടയം, മലപ്പുറം, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് കേസുകളിലേറെയും. തിരുവനന്തപുരം റൂറലിലാണ് മാരകമയക്കുമരുന്നായ എം.ഡി.എം.എ ഏറ്റവുമധികം പിടികൂടിയത് (902.972ഗ്രാം). കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നിത്യേന കേരളത്തിലെത്തുന്നത്. നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ല,​ എവിടെയും ഉന്മാദലഹരി സുലഭം. നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, പെത്തഡിൻ, കൊക്കെയ്ൻ, ഹെറോയിൻ, കെറ്റമീൻ, മയക്കുഗുളികകൾ, ലഹരികഷായങ്ങൾ എന്നിവയെല്ലാം സുലഭം. സ്റ്റാമ്പ്, സ്റ്റിക്കർ രൂപത്തിലും പഞ്ചസാരയും ഉപ്പും പോലെ ചെറിയ തരികളായും ഗുളിക, ചോക്ലേറ്റ്, ച്യൂയിംഗം രൂപങ്ങളിലുമെല്ലാം രാസലഹരി ലഭ്യമാണ്. നാവിനടിയിൽ വയ്ക്കാവുന്ന സ്റ്റിക്കറുകളുമുണ്ട്. നിറവും മണവുമില്ലാത്ത ഇവ കണ്ടെത്താൻ എളുപ്പമല്ല. ഒരു തവണ ഉപയോഗിച്ചാൽ ആജീവനാന്തം അടിമയാക്കി മാറ്റുന്ന രാസലഹരിക്ക് 12മണിക്കൂർ വരെ തലച്ചോറിനെ മരവിപ്പിക്കാനാവും.

ഒക്ടോബർ ആറിനും നവംബർ 20നുമിടയിൽ

ജില്ല-----------------------കേസുകൾ----------അറസ്റ്റ്-------കഞ്ചാവ്---------എം.ഡി.എം.എ

തിരുവനനന്തപുരം സിറ്റി--115------119------5153.38-------19.27

തിരുവനന്തപുരം റൂറൽ----195------194-----1607.92--------902.97

കൊല്ലം സിറ്റി-----------------272------227-----801.5-----------98.566

കൊല്ലം റൂറൽ----------------111------110------8680.23--------1.81

പത്തനംതിട്ട-------------------72-------44-------791.21----------15.41

ആലപ്പുഴ-----------------------343-----360------6.15-------------26.03

കോട്ടയം-----------------------451-----467-------95684.76------17.55

ഇടുക്കി------------------------146------155-------1369.46--------0.5

എറണാകുളം റൂറൽ--------175------193-------9.74-------------0.47

കൊച്ചി സിറ്റി-----------------485------518-------780.60---------39.93

തൃശൂർ-------------------------74-------70----------275------------0

തൃശൂർ റൂറൽ----------------191------274---------21780.57----11.27

പാലക്കാട്---------------------113------123---------12247.2------19.52

മലപ്പുറം-----------------------411-------472---------19469.85----362.98

കോഴിക്കോട്-----------------144-------168---------549.19-------125.08

കോഴിക്കോട് റൂറൽ---------60---------75----------1131----------0.527

വയനാട്-----------------------158-------182----------4271.43-----109.09

കണ്ണൂർസിറ്റി------------------376-------374----------454.47-------3.95

കണ്ണൂർ റൂറൽ----------------36----------45-----------980.51-------11.03

കാസർകോട്-----------------291----------313---------23739.4-----87.14

ആകെ------------------------4169---------4423--------177238.7-----1846.07

(അളവുകൾ ഗ്രാമിൽ)

സർക്കാരിന്റെ കർമ്മപദ്ധതി

1. സ്ഥിരം കുറ്റവാളികളെ വിചാരണയില്ലാതെ രണ്ടുവർഷം കരുതൽ തടങ്കലിലാക്കും

2. മയക്കുമരുന്നിടപാടുകാരുടെ ഡേറ്റാബാങ്ക്, പ്രതികൾക്ക് ജാമ്യത്തിന് ബോണ്ട്

3. സ്കൂളുകൾക്കടുത്ത് ലഹരിക്കച്ചവടം നടത്തുന്ന കടകൾ എന്നെന്നേക്കുമായി പൂട്ടും

4. മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

5. സ്കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ബോധവത്കരണം

''ലഹരിയുടെ പിടിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ലെങ്കിൽ വരുംതലമുറ എന്നേക്കുമായി തകർന്നടിഞ്ഞുപോകും. സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം. എല്ലാവിഭാഗം ജനങ്ങളെയും ലഹരിക്കെതിരായ യുദ്ധത്തിൽ അണിനിരത്തും.

-പിണറായി വിജയൻ

മുഖ്യമന്ത്രി