
വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ പദ്ധതി പ്രകാരം നൽകിയ കോഴിയും കൂടും പദ്ധതി ഗുണഭോക്താക്കളെ വലയ്ക്കുന്നതായി പരാതി. കുടുംബശ്രീയുടെ തനത് പദ്ധതി പ്രകാരം തൊഴിൽ രഹിതരായ വനിതകൾക്ക് വരുമാനമുണ്ടാക്കാൻ വേണ്ടിയാരംഭിച്ച മുട്ടക്കോഴി പദ്ധതിയാണ് ഗുണഭോക്താക്കൾക്ക് വിനയായത്. കൂട്, 25 കോഴിക്കുഞ്ഞ്, ഒരു ചാക്ക് തീറ്റ എന്നിവയടക്കം 18500 രൂപയാണ് ഗുണദേക്തൃ വിഹിതം. പൈസ ഇല്ലാത്തവർക്ക് ബാങ്ക് വായ്പയും നൽകിയാണ് പദ്ധതി വക്കത്ത് നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്തിലെ 57 പേരെ കുടുംബശ്രീ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തു. സെപ്തംബർ ആദ്യവാരം തന്നെ കോഴിയും കൂടും നൽകി. രണ്ട് മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ, രണ്ട് മാസം കൂടി കഴിയുമ്പോൾ മുട്ടയിടുന്ന ബി.ബി 3 ഇനത്തിൽപ്പെട്ട കോഴികളെയാണ് വിതരണം ചെയ്തത്.
ഗുണഭോക്താകൾക്ക് കോഴിയും കൂടും ലഭിച്ച അന്നുമുതൽ തന്നെ കോഴികൾ ചത്ത് തുടങ്ങി. സംരംഭത്തിൽ ഇറങ്ങിയവരുടെ മുഴുവൻ കോഴികളും ചത്ത ഗുണഭോക്താക്കൾ നിരവധിയാണ്. പദ്ധതി പ്രകാരം വക്കം ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്ത കോഴികളിൽ പകുതിയും ഇതിനകം ചത്തുകഴിഞ്ഞതായി ഗുണഭോക്താക്കൾ പറഞ്ഞു. രണ്ട് മാസം കഴിഞ്ഞിട്ടും ബാക്കിയുള്ള കോഴികൾ മുട്ടയിടാനും തുടങ്ങിയിട്ടില്ല. ഇനിയും മാസങ്ങൾ കഴിഞ്ഞാലേ കോഴികൾ മുട്ടയിടാനുള്ള വളർച്ചയെത്തൂ എന്നാണ് ഗുണഭോക്താക്കൾ പറയുന്നത്.
വിതരണം ചെയ്ത കൂട്ടിനും ഗുണനിലവാരമില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. 25 കോഴികൾക്ക് ഒരു ദിവസം 4 കിലോ തീറ്റ വേണം. ഇതിന് 150 രൂപ ചെലവാകും. മുട്ടയില്ലാത്തതിനാൽ വൻ സാമ്പത്തിയ ബാദ്ധ്യതയിലാണ് ഗുണഭോക്താക്കൾക്ക് ഇത് മൂലം ഉണ്ടായത്. കോഴി മുഴുവനായി നഷ്ടപ്പെട്ടവർക്കിപ്പോൾ ബാങ്ക്ലോൺ മാത്രമാണ് മിച്ചം. ഇതോടെ വീട്ടമ്മമാർ കടക്കെണിയിലുമായി.