hi

കിളിമാനൂർ: കായിക താരമായ ഹയർ സെക്കൻഡറി വിദ്യാർത്ഥിനിക്ക് സബ് ജില്ലാ കായികോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചെന്ന് ആരോപണം. സംഭവത്തിൽ തട്ടത്തുമല ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു.

സ്‌കൂളിൽ ഷോട്ട്പുട്ട് ഇനത്തിൽ വിജയിച്ച പ്ലസ്‌ടു വിദ്യാർത്ഥിനി നഗരൂർ സ്വദേശി ചരിത്രയ്‌ക്ക്‌, സബ് ജില്ലാ തലത്തിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയില്ലെന്നാണ് ആരോപണം. മുൻ വർഷങ്ങളിൽ സംസ്ഥാനതലത്തിൽ അഞ്ചാംസ്ഥാനം നേടിയ വിദ്യാർത്ഥിനിയെ ഒഴിവാക്കിയവർക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

ഒക്ടോബർ മാസം നടന്ന മത്സരത്തിലാണ് ചരിത്രയെ സബ് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തത്. സ്‌കൂൾ അധികൃതർ നൽകിയ പട്ടികയിൽ ചരിത്രയുടെ പേരുൾപ്പെടുത്താത്തതിനാലാണ് പങ്കെടുക്കാൻ കഴിയാതെ വന്നത്. ഒഴിവാക്കിയതിന് പിന്നിൽ പ്രത്യേക താത്പര്യമുണ്ടെന്നാണ് ആരോപണം. പിഴവ് സമ്മതിക്കുമ്പോഴും മനപ്പൂർവമല്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.