
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിലെ നാലാംപ്രതി ടി.നവ്യയ്‌ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ 24 മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നാണ് നിർദ്ദേശം.നവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും കോടതി വ്യക്തമാക്കി. എ.കെ.ജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന് സഹായം നൽകിയത് പ്രാദേശിക നേതാവായ നവ്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.എ.കെ.ജി സെന്ററിന് സമീപത്തേക്ക് പോകാൻ ജിതിന് സ്‌കൂട്ടർ എത്തിച്ചുനൽകിയത് നവ്യയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഗൗരീശപട്ടത്ത് സ്‌കൂട്ടർ എത്തിച്ചുനൽകിയ നവ്യ,ജിതിൻ തിരിച്ചുവരുന്നത് വരെ കാത്തിരുന്നു. തുടർന്ന് ഇരുവരും ഒരുമിച്ചാണ് രക്ഷപ്പെട്ടതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.അഭിഭാഷകനായ മൃദുൽ ജോൺ മാത്യുവാണ് നവ്യയ്‌ക്ക് വേണ്ടി കോടതിയിൽ ഹാജരായത്.