
പാറശാല: മനുഷ്യമനസുകളെ നിർമ്മലമാക്കുന്നതിൽ കലയ്ക്കും സംഗീതത്തിനും വലിയ പങ്കുണ്ടെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മീബായി പറഞ്ഞു. പാറശാല വോയ്സ് ഒഫ് ഇന്ത്യ സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംഗീത കലാപഠന രംഗത്ത് പ്രവർത്തിക്കുന്ന ഒരു വിദ്യാലയം 25 വർഷം പൂർത്തിയാക്കി എന്നത് അപൂർവതയാണെന്നും സൂചിപ്പിച്ചു.
സിൽവർ ജൂബിലിയോടനുബന്ധിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മവും അവർ നിർവഹിച്ചു. വോയ്സ് ഒഫ് ഇന്ത്യ സ്‌കൂൾ ഡയറക്ടർ വൈ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര എ.എസ്.പി ഫറാഷ്.ടി, നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി. ക്രിസ്‌തുദാസ്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെ.സുധാകരൻ, സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ കൊല്ലിയോട് സത്യനേശൻ, എസ്. എസ് ലളിത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായിയെ സ്‌കൂൾ ഡയറക്ടർ വൈ.എസ്. ബാബു പൊന്നാട അണിയിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.