തിരുവനന്തപുരം : ആളിക്കത്തിയ കത്ത് വിവാദത്തിൽ മേയർ ആര്യാരാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പട്ടുള്ള പ്രതിഷേധം ഇന്നലെ കൗൺസിൽ യോഗത്തിലും ശക്തമായതോടെ ചരിത്രത്തിലാദ്യമായി പൊലീസ് കവചത്തിലിരുന്ന് മേയർ കൗൺസിൽ യോഗം നിയന്ത്രിച്ചു.നിലത്ത് കിടന്നുള്ള പ്രതിഷേധവും വലിച്ചിഴച്ചുള്ള അറസ്റ്റിനും ശേഷമാണ് യോഗം നടന്നത്.മേയർക്ക് ചേംബറിൽ നിന്ന് ഡയസിലേക്കെത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷണം ഒരുക്കി.മേയർ ഇരിപ്പിടത്തി ലേക്ക് എത്തുന്നത് തടയാൻ പരമാവധി ശ്രമിച്ച ബി.ജെ.പി അംഗങ്ങൾ നിലത്തു കിടന്ന് പ്രതിരോധം തീർത്തപ്പോൾ ഡോലക് കൊട്ടിയും ചിഞ്ചി അടിച്ചും യു.ഡി.എഫ് അംഗങ്ങൾ ബഹളമായമാക്കി. ബി.ജെ.പി,യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലൂടെ ഒരു മണിക്കൂറും അഞ്ചു മിനിട്ടും കൗൺസിൽ യോഗം ചേർന്നു. നടപടികൾ എല്ലാം പൂർത്തിയാക്കിയാണ് മേയർ ആര്യാ രാജേന്ദ്രൻ കൗൺസിൽ യോഗം അവസാനിപ്പിച്ചത്. ദേവിക,ഗായത്രി,അർച്ചന,സുമി ബാലു,മീന,രാജലക്ഷ്മി,പത്മലേഖ,ദീപിക,ജയലക്ഷ്മി എന്നീ ബി.ജെ.പി കൗൺസിലർമാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.ഇതിൽ പരിക്കേറ്റ ദീപികയും ജയലക്ഷ്മിയും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ പൊലീസ് വിട്ടയച്ചു.
സമയം 2.25
മേയർ എത്തുന്നതിന് മുന്നറിയിപ്പായി ബെല്ല് മുഴങ്ങിയതോടെ ബി.ജെ.പി കൗൺസിലർമാർ ഡയസിലേക്ക് തള്ളിക്കയറി. ചേംബറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവിധം മാർഗതടസമായി നിലത്ത് കിടന്നു. മേയർക്ക് വഴിയൊരുക്കാനായി ഇടത് കൗൺസിലർമാരും ഡയസിൽ കയറി. സംഘർഷസാദ്ധ്യത ഉടലെടുത്തതോടെ മേയർക്ക് വഴിയൊരുക്കാൻ പൊലീസ് ഡയസിലേക്ക് കയറി. അനുനയത്തിൽ വഴങ്ങാതെവന്നതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സമയം2.30
ഡി.സി.പി വി.അജിത് പ്രതിഷേധിക്കുന്ന കൗൺസിലർമാരെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചു.
വനിതാ പൊലീസുകാർ കുറവായതിനാൽ ഏറെ പണിപ്പെട്ട് കൗൺസിലർമാരെ നിലത്തൂടെ വലിച്ചിഴച്ച്
പുറത്തേക്ക് കൊണ്ടുപോയി.
സമയം 2.45
കൗൺസിൽ യോഗം ആരംഭിച്ചു.നടുത്തളത്തിൽ ബാനറുകളുമായി ബി.ജെ.പി,യു.ഡി.എഫ് കൗൺസിലർമാർ ബഹളം വച്ചുകൊണ്ടിരുന്നു. ഭിന്നശേഷിക്കാർക്കുള്ള പ്രവർത്തനത്തിന് നഗരസഭയ്ക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച വിവരം മേയർ പ്രഖ്യാപിച്ചു. പിന്നാലെ സലിം,സജുജാദേവി,വിജയകുമാരി തുടങ്ങിയവർ അഭിനന്ദന പ്രസംഗം നടത്തി. അതിനിടെ ഡോലക്ക് കൊട്ടിയും ചിഞ്ചി അടിച്ചും പ്രസംഗം തടസപ്പെടുത്തുന്ന യു.ഡി.എഫ് കൗൺസിലർമാരെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി ഡി.ആർ.അനിൽ എഴുന്നേറ്റു. മര്യാദപാലിച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയ മേയർ അജൻഡയിലേക്ക് കടന്നു. നഗരപരിധിയിലെ ദരിദ്രരായ 100 കുട്ടികളെ ദത്തെടുത്ത് പഠിപ്പിക്കുന്ന സ്വപ്ന പദ്ധതിയും പ്രഖ്യാപിച്ചു.ഡെപ്യൂട്ടിമേയർ പി.കെ.രാജു,ഡോ.റീന,പാളയംരാജൻ,സജുലാൽ,ക്ലൈനസ് റൊസാരിയോ,സുലോചനൻ,അംശുവാമദേവൻ തുടങ്ങിയ ഇടത് അംഗങ്ങൾ സംസാരിച്ചു. മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും അജൻഡകൾ പ്രതിപക്ഷ പ്രതിഷധത്തിനിടെ പാസാക്കി.
സമയം 3.46
നടപടികളെല്ലാം പൂർത്തിയായി,സമയം ബാക്കിയുള്ളതിനാൽ അത്യാവശ്യകാര്യങ്ങൾ പറയാമെന്ന് മേയർ.
കേരളോത്സവത്തിന്റെ വിവരം അറിയിച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.റീന
സമയം 3.51
ഇനിയും കൂടുതൽ പുരസ്കാരങ്ങൾ വരും നാളുകളിൽ നഗരസഭയെ തേടിയെത്തുമെന്നു പറഞ്ഞ് കൗൺസിൽ യോഗം അവസാനിച്ചതായി മേയറുടെ അറിയിപ്പ്.