mb

കാട്ടാക്കട: വിദ്യാർത്ഥികളെ നല്ല മനുഷ്യരാക്കി മാറ്റിയെടുക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യമെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വെള്ളനാട് പുനലാൽ ഡെയിൽ വ്യൂവിൽ രാംനാഥ് കോവിന്ദിന്റെ പേരിൽ ആരംഭിച്ച ഇന്റർനാഷനൽ സയൻസ് ആൻഡ് റിസർച്ച് ലൈബ്രറിയുടെ ഉദ്ഘാടനചടങ്ങിൽ വിശി​ഷ്‌ടാതിഥിയായി പങ്കെടുക്കുകയായി​രുന്നു അദ്ദേഹം.

വ്യക്തികളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം നിർണായകമാണ്. ഇന്ത്യ അറിവിന്റെ കാര്യത്തിൽ വൻ കുതിച്ചുചാട്ടം നടത്തുകയാണ്. ലോകത്തിന്റെ ഫാർമസി ആയി മാറി​യ ഇന്ത്യ കൊവി​ഡ് വാക്‌സിനുകൾ ഇതിനോടകം 70ൽപ്പരം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ത്രീ ശാക്തീകരണ മേഖലയിൽ ഡെയിൽവ്യൂവിന്റെ പങ്ക് മഹത്തരമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌ത ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ ഡെയിൽവ്യൂ ഡയറക്ടറായിരുന്ന സി.ക്രിസ്തുദാസിന്റെയും ഭാര്യ ശാന്താ ദാസിന്റെയും പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിൽ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിന്റെ പ്രകാശനവും ഗവർണ്ണർ നിർവഹിച്ചു. മുൻ രാഷ്ട്രപതിയുടെ പത്‌നി​ സബിത കോവിന്ദ്, ജി.സ്റ്റീഫൻ.എം.എൽ.എ,ഡെയിൽവ്യൂ കോളേജ് ചെയർമാൻ ഡോ. ഡീനാദാസ്, ഡെയിൽവ്യൂ കോളേജ് മാനേജിംഗ് ഡയക്ടർ ഡോ. ഷൈജു ആൽഫി, ഡയറക്ടർ ഡിപിൻ ദാസ്, അഡിഷണൽ ഡയറക്ടർ ഡിനിൽദാസ്, ഡെയിൽവ്യൂ കോ-ഓർഡിനേറ്റർ വി.ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി ഡെയിൽ വ്യൂവി​ലെത്തി​യ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, പത്നി​ സബിത കോവിന്ദ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം.ബി.രാജേഷ് എന്നിവർ ഡെയിൽവ്യൂ സ്ഥാപകരുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി​.