തിരുവനന്തപുരം:കായിക മേളയുടെ അവസാനദിനം പെൺകുട്ടികളെ ഏറെ ബുദ്ധിമുട്ടിച്ചത് ഹർഡിൽസ് മത്സരങ്ങളായിരുന്നു. ജൂനിയർ,സബ് ജൂനിയർ,സീനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരങ്ങളിൽ പത്തോളം പേരാണ് ട്രാക്കിൽ തലകറങ്ങി വീണത്.ഹർഡിൽസിൽ തട്ടിവീണ് നിരവധി പേർക്ക് പരിക്കേറ്റതും നൊമ്പരക്കാഴ്ചയായി. ഉച്ചസമയത്തായിരുന്നു മത്സരങ്ങൾ.രാവിലെ മുതൽ വെള്ളം മാത്രം കുടിച്ച് ഓടിയ മത്സരാർത്ഥികളാണ് മത്സരം പൂർത്തിയാക്കാനാവാതെ ട്രാക്കിൽ നിലംപതിച്ചത്. അതിരാവിലെ ദൂരെ നിന്നെത്തിയ കുട്ടികളായി​രുന്നു വീണതിലധികവും. ചിലർ ഫിനിഷിംഗ് പോയിന്റിന് തൊട്ടരികെ വീണെങ്കിലും കാണികളുടെ കരഘോഷത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് വീണിടത്ത് നിന്നെണീറ്റോടി മത്സരം പൂ‌ർത്തിയാക്കിയത് കൗതുകക്കാഴ്ചയായി. ട്രാക്കിൽ വീണവരെ വൊളന്റിയർമാരും സഹപാഠികളും അദ്ധ്യാപകകരും തണലി​ലേക്ക് എടുത്തുകൊണ്ടുപോയാണ് പ്രാഥമിക ശുശ്രൂഷകൾ നൽകിയത്. നെടുമങ്ങാട് ജി.വി.എച്ച്.എസ്.എസിലെ മോനിഷ എന്ന വിദ്യാർത്ഥി ലിഗമെന്റിന് പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞാണ് ട്രാക്ക് വിട്ടത്. പിന്നീട് പ്രാഥമിക ശുശ്രൂഷയ്‌ക്കിടെ കണ്ണീർവാർത്ത് കൂട്ടുകാരിയുടെ ചുമലിൽ ചാഞ്ഞാണ് മോനിഷ വേദന അകറ്റിയത്.