drug

സ്ഥിരമായി ലഹരികടത്തുന്ന 1681പേരുടെ പട്ടിക തയ്യാറാക്കിയ പൊലീസ് ഇവരിൽ കുറ്റകൃത്യം ആവർത്തിക്കുന്ന 162 പേരെ കരുതൽ തടങ്കലിലാക്കാൻ സർക്കാരിന് ശുപർശ നൽകി. ഇക്കൊല്ലം ഒക്ടോബർ വരെ അറസ്റ്റിലായ 24,779പേരിൽ നിന്നാണ് സ്ഥിരം കുറ്റവാളികളുടെ പട്ടികയുണ്ടാക്കിയത്. വൻതോതിൽ ലഹരി കടത്തി വില്പന നടത്തുന്നവർ, നിരവധി തവണ ലഹരിക്കേസിൽ ഉൾപ്പെട്ടവർ, രാജ്യാന്തര ബന്ധമുള്ളവർ എന്നിവരെ ഉൾപ്പെടുത്തിയാണ് 1681പേരുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ കണ്ണൂരിലെ 465പേരും വയനാട്ടിലെയും കാസർകോട്ടെയും 210വീതം പ്രതികളുമുണ്ട്. കൊല്ലം സിറ്റിയിൽ 189, കോഴിക്കോട് റൂറലിൽ 184. ആഭ്യന്തര സെക്രട്ടറിയാണ് കരുതൽ തടങ്കലിന് ഉത്തരവിടേണ്ടത്. എറണാകുളത്ത് ലഹരിക്കച്ചവടത്തിലൂടെ കള്ളപ്പണമുണ്ടാക്കിയ 65പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതും പരിഗണനയിലാണ്.