machel

മലയിൻകീഴ്: കാൽനട യാത്രപോലും അസാദ്ധ്യമായ മച്ചേൽ-മലയം ബണ്ട് റോഡ് തകർന്ന് വെള്ളക്കെട്ടായി തീർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. പാപ്പനംകോട്, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനുള്ള മണപ്പുറം മച്ചേൽ പ്രദേശവാസികളുടെ ഏക സഞ്ചാരമാർഗമാണ് മച്ചേൽ -മലയം ബണ്ട് റോഡ്. ഇരുചക്ര വാഹനങ്ങൾ, കാർ, മിനിലോറി എന്നിവ ഇതുവഴി പോകുമായിരുന്നു. ഇപ്പോഴും ചില വാഹനങ്ങൾ ജീവൻ പണയപ്പെടുത്തി സർക്കസ് കണക്കേയാണ് പോകുന്നത്. പ്രധാന റോഡിലെത്താനും ഇൗ ബണ്ട് റോഡാണ് ആശ്രയം. യാത്രക്കാരുടെ എളുപ്പവഴിയായ മച്ചേൽ-മലയം ബണ്ട് റോഡ് യാത്രാ ദുരിതത്തിലായിട്ട് രണ്ടര വർഷം പിന്നിട്ടു. അഞ്ച് ലക്ഷം രൂപ ഐ.ബി. സതീഷ്.എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന് 2020 മേയ് 26 ന് അനുവദിയ്ക്കുകയും 2020 ജൂൺ 6 ന് സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ചിരുന്നു. എന്നാൽ കരാറുകാരൻ എഗ്രിമെന്റ് ഒപ്പിട്ട് വാങ്ങിയ ശേഷം ചില്ലറ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയത്. തൊട്ട് പിന്നാലെ പെയ്ത മഴയിൽ അതെല്ലാം വെള്ളം കൊണ്ട്പോവുകയും ചെയ്തു. ഇതുവരെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

നേമം ബ്ലോക്ക് പഞ്ചായത്താണ് നിർവഹണ ഏജൻസി. മച്ചേൽ പാലം മുതൽ മൂഴിനടപ്പാലം വരെ 400 മീറ്റർ ദൈർഘ്യമാണ് ബണ്ട് റോഡിനുള്ളത്. പണിപൂർത്തിയാകാതെ തകർന്ന് തരിപ്പണമായി കിടക്കുന്ന ഈ റോഡിലെ യാത്ര അപകട ഭീഷണിയിലാണ്.

സ്കൂൾ-കോളേജിൽ പോകുന്നവർ വിവിധ ആവശ്യങ്ങൾക്കും കൂലിപ്പണിക്ക് പോകുന്നവരും ദുരിതത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രി ഉൾപ്പെടെ പോകുന്നവർക്ക് സവാരി വിളിച്ചാൽ പോലും വാഹനങ്ങൾ റോഡിന്റെ ശോചനീയാവസ്ഥ കാരണം വരാറില്ല. സ്കൂൾ വാനുകളും ഓട്ടോറിക്ഷകളും വരാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മണപ്പുറം-മച്ചേൽ കുളങ്ങരക്കോണം ഭാഗങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നാല് കിലോമീറ്റർ ദൂരക്കുറവുണ്ട്. ഈ റോഡിലെ കുഴികളിലെല്ലാം വെള്ളം കെട്ടി നിൽക്കുന്നതും അപകടക്കെണിയായിട്ടുണ്ട്.