sasi

തിരുവനന്തപുരം: മലബാർ പര്യടനത്തോടെ പാർട്ടിയിൽ തരംഗമായി മാറിയ ശശി തരൂരിനെ എ ഗ്രൂപ്പ് കോട്ടയത്തെ യൂത്ത് കോൺഗ്രസ് സമ്മേളനത്തിന്റെ ഉദ്ഘാടകനാക്കിയത് നവയുഗ ചേരിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി. എരിതീയിൽ എണ്ണയൊഴിച്ച്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയുള്ള സമ്മേളന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഇത് വിവാദമായതോടെ സതീശന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ ബോർഡുകൾ വച്ചു.

ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റുകുര്യൻ ജോയി പ്രസിഡന്റായ ജില്ലാ കമ്മിറ്രി ഡിസംബർ 3ന് ഈരാറ്റുപേട്ടയിലാണ് യൂത്ത് കോൺഗ്രസ് മഹാസമ്മേളനം നടത്തുന്നത്. എന്നാൽ ഈ പരിപാടിയെക്കുറിച്ച് അറിയില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞത്. പരിപാടിയെപ്പറ്റി അറിയില്ലെന്നും തന്നോട് ആലോചിച്ചിട്ടില്ലെന്നും തിരുവഞ്ചൂരും പറഞ്ഞു. ഏതെങ്കിലും അമച്വറായ വ്യക്തിക്കുണ്ടാവുന്ന കൈപ്പിഴയാണ് പാർട്ടി നിലപാടെന്ന് കരുതേണ്ടെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ഇന്നലെ കണ്ണൂർ പര്യടനത്തിനിടെ കാണാനെത്തിയ തരൂരിന് താമരശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ളാനി ആശംസകൾ നേർന്നു. തരൂരിന് കഴിഞ്ഞ ദിവസം ലീഗ് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും എൻ.എസ്.എസ് നേതൃത്വം മന്നം ജയന്തി ഉദ്ഘാടകനായി നിശ്ചയിക്കുകയും ചെയ്തതാണ്. ഇതോടെ, യു.ഡി.എഫിന്റെ വോട്ട് ബാങ്കായ മൂന്ന് സമുദായങ്ങളുടെ അനുഗ്രഹാശിസുകൾ നേടാൻ തരൂരിനായി.

ധീരാ, ധീരാ തരൂരേ ധീരതയോടെ നയിച്ചോളൂ എന്ന മുദ്രാവാക്യമുയർത്തിയാണ് കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിൽ തരൂരിനെ പ്രവർത്തകർ സ്വീകരിച്ചത്.

ഒന്നു കുത്തിയാൽ പൊട്ടിപ്പോകുന്ന ബലൂണെന്ന് തരൂരിനെ വിശേഷിപ്പിച്ച വി.ഡി.സതീശന് കെ.മുരളീധരൻ ഇന്നലെ പരിഹാസരൂപേണ നൽകിയ മറുപടിയും ശ്രദ്ധേയമായി. എതിരാളിയെ വിലകുറച്ചു കാണുന്നവർ, സൗദിയോട് തോറ്റ് തലയിൽ മുണ്ടിട്ട് മടങ്ങിയ മെസിയെ മറക്കരുതെന്നായിരുന്നു കുറിക്കു കൊള്ളുന്ന കമന്റ്.

കുത്തിയാൽ പൊട്ടുന്ന ബലൂണിനെയും കുത്താൻ ഉപയോഗിക്കുന്ന സൂചിയെയും അതു പിടിക്കുന്ന കൈകളെയും ബഹുമാനിക്കുന്നു എന്നാണ് എം.കെ.രാഘവൻ പ്രതികരിച്ചത്. കെ.സുധാകരനും വി.ഡി. സതീശനും ഇന്നലെ വിവാദ പ്രതികരണങ്ങളൊന്നും നടത്തിയില്ല.

തരൂരിന്റെ നീക്കം പാർട്ടി

വിരുദ്ധമല്ല: താരിഖ് അൻവർ

തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന കേരളത്തിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ പ്രതികരണം തരൂർവിരുദ്ധരെ ഞെട്ടിച്ചിട്ടുണ്ട്. കെ.പി.സി.സി തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത ദിവസം കേരളത്തിലെത്തുന്ന അൻവർ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്നും ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും മലബാർ പര്യടനം കഴിഞ്ഞ് ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ തരൂർ പറഞ്ഞു. വരുന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും പറഞ്ഞു.