k-sudhakaran

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തല തിരിഞ്ഞ കർഷക നയം തിരുത്തണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി ചെയ്യാനാവശ്യമായ പ്രാഥമിക സൗകര്യമൊരുക്കാൻ പോലും സർക്കാർ തയ്യാറാകാത്തത് നിർഭാഗ്യകരമാണ്. കൊയ്‌ത്തു കഴിഞ്ഞ നെല്ല് സംഭരിക്കാതെ നിരവധി കർഷകരുടെ അധ്വാനമാണ് പാഴായിപ്പോയത്. റബറിന്റെ സംഭരണ വില 250 രൂപയാക്കുമെന്നത് പാഴ്‌വാക്കായി. റബർ ഇറക്കുമതി നിറുത്തിവച്ച് കർഷകരെ സഹായിക്കണം. കർഷക പെൻഷൻ അയ്യായിരം രൂപയാക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുകയാണ്. നെല്ലിന്റെ സംഭരണ വില 35 രൂപയായി ഉയർത്താൻ തയ്യാറാകുന്നില്ല. അരി വില വാണം പോലെ കുതിക്കുകയാണ്. കഴിഞ്ഞ എട്ടു മാസമായി വിള ഇൻഷ്വറൻസ് സഹായം കർഷകന് കിട്ടുന്നില്ല. ആറു കോടിയോളം രൂപ 42000 കർഷക കുടുംബങ്ങൾക്ക് കിട്ടാനുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി ഒരു സഹായവും കൃഷിനാശം സംഭവിച്ച കർഷകർക്ക് നൽകിയില്ല. രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങിയതായും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.ശക്തൻ, ടി.യു.രാധാകൃഷ്‌ണൻ, വി.പ്രതാപചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, ശരത്ചന്ദ്ര പ്രസാദ്, കെ.മോഹൻകുമാർ,പി.രാജേന്ദ്രപ്രസാദ്, കർഷക കോൺഗ്രസ് ഭാരവാഹികളായ എ.സി.സാബൂസ്, വി.എൻ.ഉദയകുമാർ, ബാബുജി ഈശോ, ജോർജ് കൊട്ടാരം, കൊട്ടുകാൽ ഗോപി, ജോജി ചെറിയാൻ, അടയമൺ മുരളി, ആന്റണി കുഴിക്കാട്ടിൽ, മാത്യൂ ചെറുപറമ്പൻ തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു ഉദ്ഘാടനം ചെയ്‌തു.