photo

പാലോട്:അറവ് - ഹോട്ടൽ മാലിന്യം തളളൽ പതിവായതോടെ ഗ്രാമീണ മേഖലയിലെ ജനജീവിതം ദുസഹമായി. ഈ പ്രദേശത്ത് വഴി നടക്കണമെങ്കിൽ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. ജനവാസ മേഖലകളെല്ലാം ചീഞ്ഞുനാറാൻ തുടങ്ങിയിട്ട് നാളുകളായി. പാലോട് ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുത്പാദിപ്പിക്കുന്ന കേന്ദ്രവുമുള്ള പ്രദേശം കൂടിയാണ് ഇവിടം. ഈ പ്രദേശത്തുൾപ്പെടെ മാലിന്യം കുന്നുകൂടുകയാണ്. പാണ്ഡ്യൻപാറ മുതലുള്ള ജനവാസ മേഖലയിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണിന്ന്. നിരവധി തവണ മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്ത് പിഴ ചുമത്തി വിടുകയാണ് പതിവ് രീതി. ഇത് തുടരുന്നതോടെ വീണ്ടും ഇതേ കുറ്റകൃത്യം ചെയ്യാൻ ഇവർക്ക് പ്രേരണയാകുന്നു. നന്ദിയോട് പഞ്ചായത്തിലെ വലിയ താന്നിമൂടിന് സമീപം മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണിന്ന്. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പ‌‌ഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.

 പകർച്ചവ്യാധികൾക്ക് സാദ്ധ്യത

നന്ദിയോട് മാർക്കറ്റിലെയും ഹോട്ടലുകളിലെയും മാലിന്യം സമീപത്തെ കൈത്തോടുകളിൽ നിക്ഷേപിക്കുന്നത് പ്രദേശത്തെ ജനജീവിതം ദുസഹമാക്കുന്നു. കെ.എസ്.ഇ.ബി ഓഫീസും മൃഗാശുപത്രിയും സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഈച്ചയും കൊതുകും പുഴുവും പെരുകി ദുർഗന്ധം വമിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. കള്ളിപ്പാറ, തോട്ടുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന കൈത്തോടുകളിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ പോലും രാത്രിയിൽ തുറന്നു വിടുന്നുണ്ട്. മഴക്കാല പൂർവ ശുചീകരണം അധികാരികൾ നടപ്പാക്കിയില്ലെന്നും ആക്ഷേപമുണ്ട്. അധികാരികളുടെ ശ്രദ്ധ ഈ മേഖലയിൽ ഉണ്ടായില്ലെങ്കിൽ പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികാരികളുടെ പരിശോധനകൾ ഈ ഭാഗങ്ങളിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

മാലിന്യം തിന്നാൻ ഇവിടെയെത്തുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങൾ യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത അറവുശാലകൾക്കും ഹോട്ടലുകൾക്കുമെതിരെ യാതൊരു നടപടിയുമെടുക്കാതെ അധികൃതർ മൗനം പാലിക്കുന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. മാലിന്യം മറവ് ചെയ്യാൻ മിക്ക കച്ചവടക്കാർക്കും സംവിധാനമില്ല. ചാക്കുകളിൽ സംഭരിക്കുന്ന മാലിന്യം രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുപോയി ജനവാസ മേഖലയിലും റോഡുകളിലും വനമേഖലയിലും തള്ളുന്നു. ഈ മാലിന്യം അഴുകി ദുർഗന്ധം വമിക്കുമ്പോൾ ഭക്ഷിക്കാൻ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും.