വെള്ളറട: തമിഴ്നാട്ടിൽ പ്ളാസ്റ്റിക് കച്ചവടം നിരോധിക്കുകയും നടപടികൾ ശക്തമാക്കുകയും ചെയ്തതോടെ അതിർത്തി ഗ്രാമങ്ങളിലെ പ്ളാസ്റ്റിക്ക് കച്ചവടം വ്യാപകമാകുകയാണ്. അതിർത്തിക്കപ്പുറത്ത് തമിഴ്നാട്ടിൽ പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധിക്കുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും നിയമനടപടികൾ ശക്തമാക്കുകയും ചെയ്തതോടെയാണ് കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിൽ കച്ചവടം വ്യാപകമായത്. പ്ളാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിൽ മാത്രമായി അവശേഷിക്കുന്നു എന്നുതന്നെ പറയാം. മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളും പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെയും പ്ളാസ്റ്റിക് പ്ളേറ്റുകളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും മാർക്കറ്റുകളിൽ ഇപ്പോഴും പ്ളാസ്റ്റിക് ക്യാരിബാഗുകളുടെയും നിരോധിക്കപ്പെട്ട മറ്റ് ഉത്പന്നങ്ങളുടെയും കച്ചവടം തകൃതിയായിത്തന്നെയാണ് നടക്കുന്നത്. ഹോട്ടലുകളിൽ പോലും പ്ളാസ്റ്റിക് കവറുകളിലും പ്ളാസ്റ്റിക് പേപ്പറുകളിലുമായാണ് ചൂടുള്ള ഭക്ഷണങ്ങൾ പാഴ്സൽ ചെയ്ത് വിൽക്കുന്നത്. നിയന്ത്രണം പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് ഇതിന് കാരണം. വ്യാപാരസ്ഥാപനങ്ങളിൽ പ്ളാസ്റ്റിക് ക്യാരിബാഗുകളിൽ തന്നെയാണ് സാധനങ്ങൾ ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നത്. കർശന നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഗ്രാമങ്ങളിൽ നിന്നും പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയൂ.
നിക്ഷേപ കേന്ദ്രമാകുന്നു
ബോധവത്കരണം കൊണ്ട് കാര്യമായ പ്രയോജനം നാളിതുവരെയും ഉണ്ടായിട്ടില്ല. ഇപ്പോഴും ഗ്രാമങ്ങൾ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുകയാണ്. രാത്രി കാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഗ്രാമങ്ങളിലെ റോഡു വക്കുകളിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് വ്യാപകമാണ്. ഇതിൽ നിന്നും മോചനമില്ലാത്ത വിധം ഗ്രാമങ്ങൾ പ്ളാസ്റ്റിക് നിക്ഷേപ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പ്ളാസ്റ്റിക് ഉത്പാദന കേന്ദ്രങ്ങളിൽ തന്നെ അതിർത്തിക്കപ്പുറത്ത് ഉത്പാദനം തടഞ്ഞെങ്കിലും അതീവ രഹസ്യമായി ഉത്പന്നങ്ങൾ കേരളത്തിൽ കച്ചവടത്തിന് എത്തിക്കുന്ന സംഘങ്ങളും സജീവമാണ്.
ഇവിടെയും ശക്തമായ നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. മത്സ്യച്ചന്തകളിലും മറ്റു കടകളിലും ഇപ്പോൾ പ്ളാസ്റ്റിക് നിർമ്മിത ക്യാരിബാഗുകളുടെ ഉപയോഗം വ്യാപകമാണ്. നിരോധനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയത് കച്ചവടക്കാർക്ക് ഏറെ ഗുണകരമായി. തുടർനടപടികൾ സ്വീകരിക്കേണ്ടവർ ഇതൊന്നും കാണുന്നുമില്ല. പ്ളാസ്റ്റിക്കിന്റെ ഉപയോഗം മൂലമുള്ള രോഗങ്ങളെ കുറിച്ചുള്ള കാര്യമായ അറിവ് ലഭിക്കാത്തതാണ് പ്ളാസ്റ്റിക് ഉപയോഗം വീണ്ടും വർദ്ധിക്കാൻ ഇടയാക്കുന്നത്.