
തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ വില കൂട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബർ അഞ്ചിനു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതിനുള്ള ബില്ല് അവതരിപ്പിക്കും. ബ്രാൻഡുകളുടെ വ്യത്യാസമനുസരിച്ച് ഫുൾ ബോട്ടിലിന് 10 രൂപ മുതൽ വർദ്ധിച്ചേക്കും. വില്പന നികുതി നാല് ശതമാനവും ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസ് മാർജിൻ (കൈകാര്യ ചെലവ് ) ഒരു ശതമാനവും വർദ്ധിപ്പിക്കുന്നതാണ് വിലകൂടാൻ കാരണം.
കേരളത്തിൽ മദ്യം നിർമ്മിച്ച് ബെവ്കോയ്ക്ക് നൽകുന്ന ഡിസ്റ്റിലറികളുടെ വിറ്റുവരവ് നികുതി അഞ്ച് ശതമാനം കുറയ്ക്കാനും തീരുമാനിച്ചു. ഈ വരുമാന നഷ്ടം നികത്താനാണ് മദ്യത്തിന്റെ നികുതിയും മാർജിനും വർദ്ധിപ്പിക്കുന്നത്.
1963-ലെ കേരള ജനറൽ സെയിൽസ് ടാക്സ് ആക്ട് പ്രകാരമാണ് വിദേശ മദ്യത്തിന് വില്പന നികുതി ഈടാക്കുന്നത്. ഇപ്പോഴത്തെ 247ശതമാനംവില്പന നികുതി 251 ശതമാനമായി ഉയരും. മദ്യത്തിന്റെ ലാൻഡിംഗ് പ്രൈസിനൊപ്പം (കമ്പനി ബെവ്കോയിൽ നിന്ന് ഈടാക്കുന്ന വില) എക്സൈസ് ഡ്യൂട്ടിയും വില്പനനികുതിയും വെയർഹൗസ് മാർജിനും ചേരുന്നതാണ് ചില്ലറ വില്പനശാലകളിലെ വില. മദ്യ കമ്പനികൾക്ക് ബെവ്കോ നൽകുന്ന വില കൂടുന്നില്ലെങ്കിലും ജനം വാങ്ങുന്ന മദ്യത്തിന് വില കൂടും. രാജ്യത്ത് ഏറ്റവും ഉയർന്ന മദ്യവില കേരളത്തിലാണ്. നികുതിയും മാർജിൻ ഫീസും കൂട്ടിയാലും ചില്ലറവില്പന ശാലകളിലെ മദ്യവിലയിൽ രണ്ട് ശതമാനമേ കൂടൂ എന്നാണ് ഔദ്യോഗിക വിശദീകരണം.
ഡിസ്റ്റിലറികളുടെ വിറ്റുവരവ് നികുതി 13 ൽ നിന്ന് എട്ട് ശതമാനമായി കുറയുന്നതോടെ വർഷം 170 കോടി വരുമാന നഷ്ടം ഉണ്ടാവും. 14,000 കോടിക്ക് മുകളിലാണ് ബെവ്കോയുടെ വാർഷിക വില്പന.