crime

ബാലരാമപുരം: മകന് സെക്രട്ടേറിയറ്റിൽ ഉയർന്നജോലിവാഗ്ദാനം ചെയ്ത് മാതാവിന്റെ സഹോദരിയിൽ നിന്ന് 81,10,000 രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. മലയിൻകീഴ് കൊട്ടറക്കുഴി ബ്രിട്ടാസ് ഹൗസിൽ ഷൈജിൻ ബ്രിട്ടോ (39)​ ആണ് അറസ്റ്റിലായത്. രാമപുരം സുകുമാര വിലാസത്തിൽ ജോണിന്റെ ഭാര്യ അംബികയിൽ നിന്നാണ് പണം തട്ടിയത്. 2021 ഏപ്രിൽ 7 മുതൽ 2022 ഫെബ്രുവരിവരെ 80 ലക്ഷത്തിലേറെ രൂപ അംബിക , ബ്രിട്ടോയ്ക്ക് കൈമാറിയിരുന്നു.

മകൻ ജിതിൻ ജോണിന് സെക്രട്ടേറിയറ്റിൽ ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങിക്കൊടുക്കാമെന്ന് പ്രലോഭിപ്പിച്ചാണ് വ്യാജ ഡോക്കുമെന്റുകൾ നൽകി തുക കൈക്കലാക്കിയത്. ജോലികിട്ടില്ലെന്ന് ഉറപ്പായതോടെ അംബിക ബാലരാമപുരം പൊലീസിൽ പരാതി നൽകി. യുവാവിനെ സഹായിക്കുന്ന ജോലി തട്ടിപ്പ് സംഘം സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്നുവെന്ന സംശയവും ഇതോടെയുണ്ടായി. നേരത്ത സെക്രട്ടേറിയറ്റിൽ അറ്റൻഡർ ജോലി ചെയ്തിരുന്ന ബ്രിട്ടോയെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കിയിരുന്നതായി അംബിക പറയുന്നു. താത്ക്കാലിക ജീവനക്കാരനായിരുന്നു. എക്സൈസ് ജീവനക്കാരനായിരുന്ന ജോൺ ബ്രിട്ടോ സർവ്വീസിലിരുന്ന് മരിച്ചതിനെ തുടർന്നാണ് മകൻ ഷൈജിൻ ബ്രിട്ടോയ്ക്ക് ലാസ്റ്റ് ഗ്രേഡ് നിയമനം ലഭിച്ചത്. പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന കാഞ്ഞിരംകുളം ലൂർദ്ദുപുരം എം.ജെ ഹൗസിൽ നിന്ന് വ്യാജ സീലുകളും ഐഡന്റിറ്റി കാർഡും ജോലി അപേക്ഷകളും പിടിച്ചെടുത്തിട്ടുണ്ട്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലും സമാനസ്വഭാവമുള്ള കേസ് ഇയാൾക്കെതിരെയുണ്ട്. പണംവന്നതോടെ ബ്രിട്ടോ സീരിയൽ രംഗത്തേക്കും കടന്നിരുന്നു. സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പിലെ വ്യാജസീൽ ഉപയോഗിച്ച് ജോലി വാഗ്ദാനത്തിന് രേഖകൾ തയ്യാറാക്കിയെന്ന ആക്ഷേപവും പരാതിയിലുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി ശില്പാ ദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഫറാഷിന്റെ നേതൃത്വത്തിൽ സി.ഐ ബിജുകുമാർ,​ സി.പി.ഒ മാരായ ശ്രീകാന്ത്,​ പ്രവീൺദാസ്,​ വിപിൻ,​ ഷാജി എന്നിവടങ്ങുന്ന സംഘം ബ്രിട്ടോയെ പിടികൂടുകയായിരുന്നു. യുവാവിനെ കോടതി റിമാൻഡുചെയ്തു.