
തിരുവനന്തപുരം: തമിഴ്നാട് സർക്കാർ പാൽ വില ലിറ്ററിന് മൂന്ന് രൂപ കുറച്ചപ്പോഴാണ് ,കേരളം ആറ് രൂപ കുത്തനെ കൂട്ടിയത്
പാൽ വില ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നവംബർ നാലു മുതൽ നടപ്പിലാക്കി. തമിഴ്നാട്ടിൽ ആവിൻ എന്ന പൊതുമേഖലാ കമ്പനി വഴിയാണ് പാൽ വിപണനം. ഡിസ്കൗണ്ട് കാർഡുമുണ്ട്. പാൽ വില കുറച്ചതിലെ നഷ്ടം നികത്താൻ ആവിന് സർക്കാർ സബ്സിഡി നൽകി.ടോൺഡ് മിൽക്ക് (നീല) ലിറ്ററിന് 43 രൂപയായിരുന്നത് 40 ആയി. കാർഡുള്ളവർക്ക് 37 രൂപ . സ്റ്റാന്റേഡൈസ്ഡ് മിൽക്ക് (ഗ്രീൻ) 47 രൂപായിരുന്നത് 44 ആയി. കാർഡുള്ളവർക്ക് 42 രൂപ.
കർണാടകത്തിലും
വില കുറവ്
കർണാടകത്തിൽ മൂന്നു വർഷത്തിനു ശേഷം കഴിഞ്ഞ സെപ്തംബർ 11നാണ് പാൽ വില ലിറ്ററിന് 3 രൂപ കൂട്ടി 40 രൂപയാക്കിയത്. കർണാടക മിൽക്ക് ഫെഡറേഷൻ വഴിയാണ് വിൽപ്പന.
കൊള്ള വില
കേരളത്തിൽ
പാലിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കേരളം.
ഒറ്റയടിക്ക് 6 രൂപ കൂട്ടിയതോടെ, കൂടുതൽ ഡിമാൻഡുള്ള കടും നില കവർ പാലിന് ലിറ്ററിന് 52 രൂപയാകും . കാലിത്തീറ്റ കിലോയ്ക്ക് 4 രൂപ വർദ്ധിച്ചിരുന്നു. ചാക്കൊന്നിന് വർദ്ധന 200 രൂപ. കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ച ശേഷം പാൽ വില കൂട്ടിയത് കൊണ്ട് തങ്ങൾക്ക് എന്ത് നേട്ടമെന്ന് ക്ഷീരകർഷകർ ചോദിക്കുന്നു. അരിയുടേയും, മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിൽ അന്ധാളിച്ചു നിൽക്കുന്ന സാധാരണക്കാർക്ക്, കൂനിന്മേൽ കുരുവായി പാൽ വില വർദ്ധന.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിനും ഡിസംബർ ഒന്ന് മുതൽ വില കൂടും. പാൽ ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നതും അയൽ സംസ്ഥാന ഡയറികൾക്കും, സ്വകാര്യ കമ്പനികൾക്കും ലോട്ടറിയാവും.തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ പാലെത്തുന്നത്.