
ദോഹ : കഴിഞ്ഞദിവസം അർജന്റീനയുമായുള്ള മത്സരത്തിനിടെ സ്വന്തം ഗോളി അൽ ഒവൈസുമായി കൂട്ടിയിടിച്ച് താടിയെല്ല് തകർന്ന സൗദി അറേബ്യൻ താരം യാസെർ അൽ സഹ്‌റാനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് കൊണ്ടുപോകും.
ഉയർന്നുവന്ന ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെ അൽ ഒവൈസിന്റെ കാൽമുട്ട് യാസെറിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഗ്രൗണ്ടിൽ വീണുകിടന്ന താരത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് മാറ്റി. സ്കാനിംഗിൽ മുഖത്തെ എല്ലുകൾക്ക് സാരമായ പൊട്ടലുണ്ടെന്ന് മനസിലാക്കിയതോടെയാണ് സ്വകാര്യ വിമാനത്തിൽ ജർമ്മനിയിലേക്ക് കൊണ്ടുപോകാൻ സൗദി കിരീടവകാശി തന്നെ നിർദ്ദേശം നൽകിയത്.