തിരുവനന്തപുരം: 'വന്ദേ ശാന്തം ഉമാപതീം' വേദി ആറിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം കേരളനടനത്തിൽ വർക്കല വെട്ടൂർ ഗവ.എച്ച്.എസ്.എസിലെ എം.എസ് അനൂപ് തകർത്താടി. ഒന്നാം സ്ഥാനവും നേടി. ഒരുപിടി ദുരിതങ്ങൾക്കും പ്രശ്നങ്ങൾക്കും മുകളിൽ നിന്നാണ് അനൂപ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അനൂപിന്റെ അച്ഛൻ മുരളിക്ക് 2002ൽ ബൈപാസ് സർജറി കഴിഞ്ഞതോടെ കാർപെന്റർ പണി മതിയാക്കേണ്ടിവന്നു. ഏറെ നാളായി ജോലിക്ക് പോകാനും കഴിയുന്നില്ല.അമ്മ ശോഭനയും രോഗിയാണെങ്കിലും അടുത്തുള്ള ബേക്കറിയിൽ പോകുമായിരുന്നു. അവിടെന്നുള്ള തുച്ഛമായ വരുമാനത്തിലാണ് മൂന്ന് ആൺമക്കളും ഭർത്താവും അമ്മയുമടങ്ങുന്ന കുടുംബത്തെ ശോഭന നോക്കിയത്. എന്നാൽ, അമ്മയ്ക്ക് കാൻസർ വന്നതോടെ ശോഭനയ്ക്ക് ജോലി മതിയാക്കേണ്ടി വന്നു. മക്കൾക്ക് ഭക്ഷണം കൊടുക്കാൻ ബുദ്ധിമുട്ടിയപ്പോഴും ഇളയ മകൻ അനൂപിന്റെ കലയോടുള്ള താത്പര്യത്തിന് തടസം നിൽക്കാൻ ശോഭനയ്ക്ക് കഴിഞ്ഞില്ല. അനൂപിന്റെ കഴിഞ്ഞ അഞ്ച് വർഷമായുള്ള നൃത്താദ്ധ്യാപകനായ ഐവിന്റെ കരുണകൊണ്ടാണ് മകൻ വേദികളിലെത്തുന്നതെന്ന് ശോഭന നിറകണ്ണുകളോടെ പറഞ്ഞു. തീരദേശമായ വെട്ടൂർ സ്കൂളിൽ നിന്ന് ആദ്യമായാണ് ഒരു കുട്ടി വ്യക്തിഗത ഇനത്തിൽ മത്സരിക്കുന്നത്. അനൂപിനെ സഹായിക്കാൻ സ്കൂൾ അദ്ധ്യാപകരും നാട്ടുകാരും ഒപ്പമുണ്ട്.നൃത്തത്തിനുള്ള വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമെല്ലാം വാടകയ്ക്ക് എടുക്കുന്നതുതന്നെ വലിയ ചെലവാണ്. കേരളനടനത്തിന്റെ വസ്ത്രത്തിന് ഒരു ദിവസം 4000 മുതൽ 6000 രൂപ വരെയാണ് വാടക. ആഭരണങ്ങൾക്ക് 2000 രൂപയും മേക്കപ്പിന് 4,000വും നൽകണം. ഭരതനാട്യത്തിന് തുക വേറെയും.ആലപ്പുഴയിലും കാസർകോഡും നടന്ന സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത അനൂപിന് കോഴിക്കോട്ടും ചുവടുവയ്ക്കാൻ ആഗ്രഹമുണ്ട്.

മകന്റെ നൃത്തം കണ്ട് അമ്മ ശോഭനയുടെ കണ്ണും മനസും നിറഞ്ഞു.'രാവിലെ മുതൽ മേക്കപ്പിട്ടിരിക്കുകയാണ്. അവൻ ഒന്നും കഴിച്ചിട്ടില്ല.ഇതു കഴിഞ്ഞു നേരെ ഭരതനാട്യത്തിന്റെ മേക്കപ്പിടാൻ പോകണം'- ശോഭനയുടെ വാക്കുകളിൽ ഒരമ്മയുടെ ആകുലത നിറയുന്നു.