morocco

ക്രൊയേഷ്യയും മൊറോക്കോയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു

അൽഖോർ : കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ കളിച്ച ക്രൊയേഷ്യക്കാരെ ഇത്തവണ ആദ്യ മത്സരത്തിൽ ഗോൾ അടിക്കാൻ അനുവദിക്കാതെ സമനിലയിൽ കുരുക്കി ആഫ്രിക്കൻ ടീമായ മൊറോക്കോ.ഇന്നലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യൻ മുന്നേറ്റത്തെ കൃത്യമായി പ്രതിരോധിക്കുകയായിരുന്നു മൊറോക്കോക്കാർ. പഴുതുകൾ കണ്ടെത്തി മുന്നേറാൻ ലൂക്കാ മൊഡ്രിച്ചും കൂട്ടരും പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും മൂക്കുകൊണ്ട് ക്ഷ വരച്ച് മടങ്ങേണ്ടിവന്നു.

പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരത്തിന്റെ 17-ാം മിനിട്ടിൽ പെരിസിച്ചിന്റെ ഒരു ഷോട്ട് മൊറോക്കൻ ബാറിന് മുകളിലൂടെ പറന്നിരുന്നു. തൊട്ടടുത്ത മിനിട്ടിൽ കൗണ്ടർ അറ്റാക്കിലൂടെ മൊറോക്കോ താരങ്ങൾ ക്രൊയേഷ്യൻ ബോക്സിലേക്ക് ഇരച്ചുകയറി . ഹക്കിം സിയേഷ് നൽകിയ ചാട്ടുളി ക്രോസിന്റെ ദിശ മനസിലാക്കാതെ ഹെഡ് ചെയ്യാൻ നോക്കിയ എൻ നെയ്‌സിരിക്ക് പുറത്തേക്ക് പന്ത് പായിക്കാനേ കഴിഞ്ഞുള്ളു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്രൊയേഷ്യയ്ക്ക് രണ്ട് ഉഗ്രൻ അവസരങ്ങൾ കൂടി ലഭിച്ചിരുന്നു. 45-ാം മിനിട്ടിൽ വ്ളാസിച്ച് ബോക്സിനുള്ളിൽ നിന്ന് തൊട്ടടുത്ത ഷോട്ട് മൊറോക്കൻ ഗോളി ബൗനൗ കുത്തിയകറ്റിയപ്പോൾ തൊട്ടുപിന്നാലെ മൊഡ്രിച്ചിന്റെ ഒരു ഷോട്ട് ബാറിന് മുകളിലേക്ക് പറന്നു.

രണ്ടാം പകുതിയിൽ വ്ളാസിച്ചിനെ മാറ്റി പസാലിച്ചിനെ പരീക്ഷിച്ച ക്രൊയേഷ്യയ്ക്ക് ഉദ്ദേശിച്ച മാറ്റങ്ങളൊന്നും കൊണ്ടുവരാനും കഴിഞ്ഞില്ല. 72-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ച് എടുത്ത ഫ്രീകിക്കും ടീമിന് പ്രയോജനപ്പെട്ടില്ല.രണ്ടാം പകുതിയിൽ മൊറോക്കോയാണ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ഞായറാഴ്ച കാനഡയ്ക്ക് എതിരെയാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം. മൊറോക്കോ അന്ന് ബെൽജിയത്തെ നേരിടും.