കിളിമാനൂർ:സ്വന്തം സ്ഥലപ്പേരിലറിയപ്പെടാനൊരുങ്ങി വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂൾ. ദേവസ്വം ബോർഡ് ഹൈസ്കൂൾ വാമനപുരം എന്നുള്ളത് ഇനി ദേവസ്വം ബോർഡ് ഹൈസ്കൂൾ കാരേറ്റ് എന്ന് അറിയപ്പെടും.1952ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് പഞ്ചായത്തിൽ കാരേറ്റിലാണെങ്കിലും വാമനപുരം എന്ന സ്ഥലപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പി.എസ്.സി ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾ എഴുതാൻ വരുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റൊരു പഞ്ചായത്തിന്റെ സ്ഥലപ്പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമായിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലപ്പേര് തന്നെ വേണമെന്ന് തീരുമാനിച്ച പി.ടി.എ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്ഥലപ്പേര് മാറ്റിത്തരുന്നതിനുള്ള അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് അപേക്ഷ പരിഗണിച്ച് ദേവസ്വം ബോർഡ് പൊതു വിദ്യാഭ്യാസ വകുപ്പിന് നിവേദനം നല്കി. വസ്തുതകൾ പരിശോധിച്ച് ഡി.ഡി.ഒയ്ക്ക് ഫയൽ നൽകുകയും ഇന്നലെ സ്ഥലപ്പേര് വാമനപുരം എന്നത് കാരേറ്റ് എന്ന് മാറ്റി ഉത്തരവിറക്കുകയും ചെയ്തു. സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ഗാന്ധി പ്രതിമയുടെയും അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനത്തിന് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ,ഒ.എസ്.അംബിക എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കുന്ന സദസിൽ വച്ച് സ്ഥലപ്പേര് മാറിയ ഉത്തരവ് ഹെഡ് മിസ്ട്രസിന് കൈമാറാനാണ് പി.ടി.എ തീരുമാനം.