തിരുവനന്തപുരം:റവന്യു ജില്ലാ കലോത്സവത്തിൽ രണ്ടാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 359 പോയിന്റുമായി തിരുവനന്തപുരം സൗത്ത് മുന്നിലെത്തി.339 പോയിന്റുമായി തിരുവനന്തപുരം നോർത്താണ് രണ്ടാമത്. ആദ്യ ദിനത്തിൽ ഒന്നാമതായിരുന്ന കിളിമാനൂർ ഉപജില്ല 328 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. 267 പോയിന്റോടെ നെടുമങ്ങാട് നാലാം സ്ഥാനത്തും 264 പോയിന്റോടെ ആറ്റിങ്ങൽ അഞ്ചാം സ്ഥാനത്തുമുണ്ട്.
സ്കൂൾ തലത്തിൽ 118 പോയിന്റുമായി കാർമൽ ഗേൾസ് എച്ച്.എസ്.എസ് ആണ് മുന്നിൽ. 87 പോയിന്റോടെ കടുവയിൽ കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്താണ്. 81 പോയിന്റ് നേടിയ ബാലരാമപുരം ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് മൂന്നാം സ്ഥാനത്തും 78 പോയിന്റോടെ കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസ് നാലാം സ്ഥാനത്തുമുണ്ട്. 76 പോയിന്റോടെ ആതിഥേയരായ കോട്ടൺഹിൽ എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്താണ്. കലോത്സവത്തിന്റെ രണ്ടാം ദിനം വേദികൾ ഉണർന്നത് ഭരതനാട്യ മത്സരത്തോടെയായിരുന്നു. പ്രധാന വേദിയിൽ നടന്ന യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നടന്ന ഭരതനാട്യം മത്സരം കാണാൻ ആസ്വാദകരും ധാരാളം. ആറാം വേദിയിൽ ഹൈസ്കൂൾ വിഭാഗം കേരള നടനം മത്സരത്തിനൊടുവിൽ വിധികർത്താക്കളിൽ ഒരാളായ കലാനിലയം ശ്രീജയുടെ വിലയിരുത്തൽ പ്രസ്താവന കാണികളുടെയും മത്സരാർത്ഥികളുടെയും പ്രശംസ നേടി. പങ്കെടുത്ത ഓരോ കുട്ടികളുടെയും പിഴവും മികവും കൃത്യമായി പറഞ്ഞശേഷമാണ് ഗ്രേഡുകൾ പ്രഖ്യാപിച്ചത്. അറബനമുട്ട്, ദഫ് മുട്ട്,സംഘഗാനം, മാപ്പിളപ്പാട്ട്, കുച്ചുപ്പുടി, വീണ, വയലിൻ തുടങ്ങിയ മത്സരങ്ങളും ഇന്നലെ നടന്നു. കൂടുതൽ മത്സരയിനങ്ങൾ ഉണ്ടായിരുന്നതിനാൽ ആദ്യദിനത്തെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണവും വർദ്ധിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് രണ്ടാം ദിനം കളറാക്കി. രണ്ടുവർഷത്തിനുശേഷം നടക്കുന്ന കലോത്സവത്തെ ഇരുകൈയും നീട്ടിയാണ് കുട്ടികൾ വരവേറ്റത്. പൊലീസിന്റെയും അദ്ധ്യാപക സംഘടനകളുടെയും പൂർണ പിന്തുണയുമുണ്ട്.എസ്.പി.സി, എൻ.സി.സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയിലൂടെ വിദ്യാർത്ഥികളും പൂർണ സമയം സന്നദ്ധരായി വിവിധ വേദികളിലുണ്ട്.