തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോർപ്പറേഷനുള്ളിൽ കയറി നടത്തിയ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിനെ പൊലീസ് മർദ്ദിച്ചെന്നും നേതാക്കൾക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മ്യൂസിയം സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കോർപ്പറേഷന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകരുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്‌ത കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, എം. വിൻസെന്റ് എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മലയിൻകീഴ് അദ്ധ്യക്ഷനായി. കെ.പി.സി.സി ട്രഷറർ അഡ്വ. പ്രതാപചന്ദ്രൻ, വി.എസ്.ശിവകുമാർ, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ ജെ.എസ്.അഖിൽ, സംസ്ഥാന ഭാരവാഹികളായ വിനോദ് കോട്ടുകാൽ, ചിത്രദാസ്, വീണ എസ്. നായർ, ശരത് എസ്.ജി, കെ.എഫ്. ഫെബിൻ, ഭാരവാഹികളായ സജിത്ത് മുട്ടപ്പാലം, ഷമീർഷാ, അനൂപ് പാലിയോട്, വി.ആർ.പ്രമോദ്, ഷാലിമാർ, സജ്‌ന, സുബിജ, അഫ്സൽ ബാലരാമപുരം തുടങ്ങിയവർ പങ്കെടുത്തു.