തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ കേസെടുത്ത ക്രൈംബ്രാഞ്ച് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്ന് വീണ്ടുമെടുത്തേക്കും. നഗരസഭയിൽ വിശദ പരിശോധനയും നടത്തും.ദിവസങ്ങൾ കഴിഞ്ഞതിനാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സാങ്കേതിക സഹായത്തോടെയാകും പരിശോധന. മേയർ, സെക്രട്ടറി, ആരോപണ വിധേയനായ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എന്നിവരുടെ ഓഫീസിലെ കമ്പ്യൂട്ടർ ഉൾപ്പെടെ പരിശോധിക്കും.

പട്ടിക തയ്യാറാക്കി സംശയമുള്ളവരെ ചോദ്യം ചെയ്യും. കത്ത് പുറത്തു വന്ന സമൂഹ മാദ്ധ്യമങ്ങൾ, ചാറ്റുകൾ, ഫോൺ കോളുകൾ എന്നിവയും പരിശോധിക്കും. മേയറുടെ യഥാർത്ഥ ഒപ്പ്, മേയറുടെ അസാന്നിദ്ധ്യത്തിൽ രേഖപ്പെടുത്തുന്ന ഒപ്പ് (സ്പെസിമൻ) എന്നിവ ശേഖരിക്കും. മേയറുടെ ലെറ്റർപാഡിന്റെ മാതൃകയും ലഭിച്ച കത്തിന്റെ മാതൃകയും പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒത്തു നോക്കും.

'ഓംബുഡ്സ്മാന്റെ

പരിധിയിൽ വരില്ല'

കത്ത് വിവാദം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഇതുസംബന്ധിച്ച പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നു കാട്ടി ഓംബുഡ്സ്മാൻ നോട്ടീസിന് ഇന്നലെ നഗരസഭ മറുപടി നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് കെ.പി ആക്ട് 1994 ചട്ടമനുസരിച്ച് ഓംബുഡ്സ്മാൻ മുമ്പാകെ നിലനിൽക്കുന്നതല്ലെന്നാണ് നഗരസഭാ സെക്രട്ടറിയുടെ മറുപടി.

സംഭവത്തിൽ പൊലീസ് അന്വേഷണവും നടക്കുന്നതിനാൽ ഓംബുഡ്സ്‌‌മാന് പരാതി പരിഗണിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പരാതി നിരസിക്കണമെന്നും ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോടാണ് ഓംബുഡ്സ്മാന് പരാതി നൽകിയത്.