തിരുവനന്തപുരം: ആനാട് വേങ്കവിള വേട്ടമ്പള്ളി സുനിത കൊല്ലപ്പെട്ട കേസിൽ ഡി.എൻ.എ പരിശോധനയ്ക്കായി സുനിതയുടെ മക്കളായ ജിജമോളുടെയും ജീന മോളുടെയും രക്ത സാമ്പിളുകൾ കോടതി ഉത്തരവുപ്രകാരം ശേഖരിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടറും ലാബ് ടെക്‌നിഷ്യനും കോടതിക്കുള്ളിൽവച്ചാണ് കുട്ടികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചത്. രക്ത സാമ്പിളുകൾ പ്രതിഭാഗം അഭിഭാഷകന്റെയും പ്രോസിക്യൂട്ടറുടെയും സാന്നിദ്ധ്യത്തിൽ സീൽചെയ്ത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. സുനിതയുടെ മക്കളെ വിളിച്ചുവരുത്തി രക്ത സാമ്പിളുകൾ ശേഖരിക്കുന്നതിനെയും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുന്നതിനെയും പ്രതിഭാഗം ശക്തമായി എതിർത്തെങ്കിലും കോടതി അവഗണിച്ചു. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഡി.എൻ.എ പരിശോധന . സുനിത ഇപ്പോഴും എവിടെയോ ജീവിച്ചിരിക്കുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വാദം.

2013 ആഗസ്റ്റ് മൂന്നിന് സുനിതയെ ഭർത്താവ് ജോയ് ആന്റണി മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നുവെന്നാണ് കേസ്.