നെടുമങ്ങാട്: രണ്ടുപതിറ്റാണ്ട് നീളുന്ന കാത്തിരിപ്പിനൊടുവിൽ നെടുമങ്ങാട് ഫയർ സ്‌റ്റേഷന് ആസ്ഥാനമൊരുങ്ങുന്നു. പത്താംകല്ല് വി.ഐ.പി. ജംഗ്ഷന് സമീപം നെടുമങ്ങാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 36ൽപ്പെട്ട 40സെന്റ് ഭൂമി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുവേണ്ടി അനുവദിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 2004 മുതൽ നെടുമങ്ങാട് ബ്ലോക്ക് ഓഫീസ് റോഡിൽ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ആസ്ബറ്റോസ് കെട്ടിടത്തിലാണ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും ഇടുങ്ങിയ വഴികളും സേനയുടെ വാഹനങ്ങൾക്ക് നെടുമങ്ങാട് ടൗൺ ഭാഗത്തേക്ക് എത്തുന്നതിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സേവനം ലഭ്യമാകാൻ കാലതാമസം നേരിടുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനും ഇടയാക്കി. ജലസേചനവകുപ്പിന് ഉടമസ്ഥാവകാശം നിലനിറുത്തിക്കൊണ്ടാണ് വി.ഐ.പിയിലെ ഭൂമി ഫയർ സ്റ്റേഷന് ഉപയോഗിക്കാൻ അനുമതി നൽകിയത്. നെടുമങ്ങാട് മുനിസിപ്പാലിറ്റി, ആര്യനാട്, ഉഴമലയ്ക്കൽ, വെള്ളനാട്, അരുവിക്കര, കരകുളം, ആനാട്, വെമ്പായം, നന്ദിയോട്, പനവൂർ, പുല്ലാമ്പാറ, മാണിക്കൽ തുടങ്ങിയ പഞ്ചായത്ത് പരിധികളിൽ വരുന്ന 500ൽ അധികം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിലയമാണ് നെടുമങ്ങാട് ഫയർസ്റ്റേഷൻ.